വാഷിങ്ടൺ: അമേരിക്കയിലെ ഷിക്കാഗോയിൽ ഗർഭിണിയായ മലയാളി യുവതിയെ ഭർത്താവ് വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കൂടുതല്‍ വിവരങ്ങൾ പുറത്ത്. 9 എംഎം കൈത്തോക്കുകൊണ്ടാണ് പ്രതി അമൽ റെജി ഭാര്യ മീരയെ വെടിവെച്ചതെന്ന് ദേസ് പ്ലെയിന്‍സ് പൊലീസ് പുറത്തുവിട്ട ഔദ്യോഗിക പത്രക്കുറിപ്പിൽ വ്യക്തമാക്കി. ലോഡുചെയ്ത ഒൻപത് എം.എം. കൈത്തോക്ക് പൊലീസ് അമലിന്‍റെ കാറിൽനിന്നും കണ്ടെത്തി. താനാണ് ഭാര്യയെ വെടിവെച്ചതെന്നും വാഹനത്തിനുള്ളിൽ തോക്കുണ്ടായിരുന്നെന്നും അമൽ റെജി പൊലീസിന് മൊഴിനൽകിയിട്ടുണ്ട്.
വെടിയേറ്റ് ഗുരതരാവസ്ഥയിൽ വെന്‍റിലേറ്ററിയ കഴിയുന്ന മീരയുടെ ഗർഭസ്ഥ ശിശു കഴിഞ്ഞ ദിവസം മരിച്ചു. വെടിയേൽക്കുമ്പോള്‍ മീര രണ്ടുമാസം ഗർഭിണിയായിരുന്നു. 14 ആഴ്ച പ്രായമായ ഗർഭസ്ഥശിശുവാണ് മരിച്ചത്. വെടിയേറ്റതിന് പിന്നാലെ മീരയുടെ ആരോഗ്യനില അതീവ ഗുരുതരനിലയിൽ ആയിരുന്നെങ്കിലും മൂന്ന് ശസ്ത്രക്രിയകൾ നടത്തിയ ശേഷം രക്തസ്രാവം നിയന്ത്രണവിധേയമായിട്ടുണ്ട്. വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്ന മീരയുടെ ആരോഗ്യനില അതേനിലയിൽ തുടരുകയാണ്.
ഭാര്യയെ വെടിവെച്ചതിന് അമൽ റെജിക്കെതിരേ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഗർഭസ്ഥശിശുവിനെ മനഃപൂർവം കൊലപ്പെടുത്താൻ ശ്രമിച്ചതിനും കേസെടുത്തിട്ടിണ്ട്. കുക്ക് കൗണ്ടി സ്റ്റേറ്റ് അറ്റോർണി ഓഫീസിൽനിന്നുള്ള സഹായത്തോടെ ഡെസ് പ്ലെയിൻസ് പൊലീസ് ഡിപ്പാർട്ട്മെന്റും മേജർ കേസ് അസിസ്റ്റൻസ് ടീമും നടത്തിയ അന്വേഷണത്തിന് ശേഷമാണ് മീരയുടെ ഭർത്താവ് അമൽ റെജിക്കെതിരേ കേസ് രജിസ്റ്റർചെയ്തത്.