ആലുവയിൽ കൊല്ലപ്പെട്ട കുട്ടിയുടെ പിതാവിൽ നിന്ന് പണം തട്ടിയ സംഭവം; കേസെടുത്ത് പൊലീസ്

Kerala

കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ പിതാവിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. മഹിളാ കോൺഗ്രസ് ജില്ലാ നേതാവ് ഹസീന മുനീറിന്റെ ഭർത്താവ് മുനീറിനെതിരെയാണ് ആലുവ ഈസ്റ്റ് പൊലീസ് കേസെടുത്തത്. 1,20,000 രൂപയാണ് കുടുംബത്തെ പറ്റിച്ച് മുനീർ കൈക്കലാക്കിയത്. സംഭവം വിവാദമായതോടെ പണം തിരികെ നല്‍കി രക്ഷപെടാനായിരുന്നു മുനീറിന്റെ ശ്രമം.

കൊലപാതകം നടന്ന് തൊട്ടടുത്ത ദിവസം മുതല്‍ മുനീര്‍ കുടുംബവുമായി അടുത്തിരുന്നു. ഭാഷ അറിയാത്തതിനാല്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കാമെന്ന് പറഞ്ഞാണ് അടുത്തത്. കേസിന്റെ ആവശ്യവുമായി ബന്ധപ്പെട്ട് പണത്തിന്റെ ആവശ്യം വന്നപ്പോള്‍ എടിഎമ്മില്‍ പോകാനുള്ള സാഹചര്യം ഇല്ലായിരുന്നു. എടിഎമ്മില്‍ നിന്ന് പണമെടുത്ത് തരാമെന്ന് പറഞ്ഞാണ് മുനീര്‍ കുട്ടിയുടെ പിതാവിന്റെ എടിഎം കാര്‍ഡ് സ്വന്തമാക്കുന്നത്. ആഗസ്റ്റ് 15 മുതലുള്ള ദിവസങ്ങളില്‍ മുനീറിന്റെ കൈവശമായിരുന്നു എടിഎം കാര്‍ഡ് ഉണ്ടായിരുന്നത്. 1,20,000 രൂപ മുനീര്‍ കൈക്കലാക്കുകയായിരുന്നു.

പിന്നീട് താന്‍ തട്ടിപ്പിന് ഇരയായെന്ന് മനസിലാക്കി ചോദിക്കുമ്പോഴാണ് സംഭവം വിവാദമാകരുതെന്ന് കരുതി 70000 രൂപ തിരികെ കൊടുക്കുന്നത്. അതിനുശേഷം 50000 രൂപ ബാക്കി കൊടുക്കാനുണ്ടായിരുന്നു. വാര്‍ത്ത വിവാദമായതോടെ മുനീര്‍ കുട്ടിയുടെ പിതാവിനെ ഫോണിൽ ബന്ധപ്പെട്ടു. വാര്‍ത്ത കളവാണെന്ന് പറയണമെന്ന് കുട്ടിയുടെ അച്ഛനോട് ആവശ്യപ്പെട്ടിരുന്നു

Leave a Reply

Your email address will not be published. Required fields are marked *