ഡൽഹി: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച സംഭവത്തിൽ കേന്ദ്ര രഹസ്യന്വേഷണ വിഭാഗം റിപ്പോർട്ട് കൈമാറി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ് റിപ്പോർട്ട് നൽകിയത്. ഗുരുതര കുറ്റകൃത്യമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ആപ്പ് ദേശവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അടിയന്തര അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ നിർദ്ദേശിച്ചിട്ടുണ്ട്.
അതേസമയം വ്യാജ തിരിച്ചറിയാൻ കാർഡ് വിവാദത്തിൽ മൗനം തുടരുകയാണ് കോൺഗ്രസ് നേതൃത്വം. ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ് വ്യാജമായി തയ്യാറാക്കിയ സംഭവം നിയമപരമായി നേരിടാനാണ് സിപിഐഎമ്മിന്റെയും ബിജെപിയുടെയും തീരുമാനം. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് ബിജെപി പരാതി നൽകിയിട്ടുണ്ട്. ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകാൻ ബിജെപി തീരുമാനിച്ചിട്ടുണ്ട്.
വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചത് പാലക്കാട് കോൺഗ്രസ് എംഎൽഎയുടെ നേതൃത്വത്തിൽ ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയും ഇന്ന് പൊലീസ് മേധാവിക്ക് ഉൾപ്പെടെ പരാതി നൽകും. അതിനിടയിൽ കൂടുതൽ നേതാക്കൾ തെരഞ്ഞെടുപ്പിലെ ക്രമക്കേട് ആരോപിച്ച് കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്.