15-കാരിയുടെ വ്യാജ പോക്സോ കേസിൽപ്പെട്ട് 19 ദിവസം ജയിലിൽ കഴിഞ്ഞ സർക്കാർ ഉദ്യോഗസ്ഥന് ഒടുവിൽ നീതി. 15 വയസ്സുകാരിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്ന വ്യാജ പരാതിയിന്മേലായിരുന്നു കേസ്. ഈ പരാതി കെട്ടിച്ചമച്ചതായിരുന്നുവെന്നാണ് ഇടുക്കി പോക്സോ കോടതിയുടെ കണ്ടെത്തൽ. പൊലീസിനെതിരെ ഇയാൾ നൽകിയ പരാതിയെ പ്രതിരോധിക്കാൻ പോലീസ് തന്നെ 15 വയസ്സുള്ള പെൺകുട്ടിയെ നിർബന്ധിച്ച് ഈ പരാതി കെട്ടിച്ചമച്ചുവെന്നാണ് കോടതിയുടെ വിശദീകരണം.
2020 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ അതിക്രമിച്ചുകയറി പെണ്‍കുട്ടിയോടും 64 വയസ്സുള്ള മുത്തശ്ശിയോടും ലൈംഗികാഭ്യര്‍ഥന നടത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ഇയാൾക്കെതിരെയുണ്ടായ പരാതി. തുടർന്ന് ഇയാള്‍ക്കെതിരേ പോക്‌സോ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. തനിക്കെതിരെയുണ്ടായ പരാതി വ്യാജമാണെന്ന് ഉദ്യോഗസ്ഥന്‍ കോടതിയില്‍ വാദിച്ചു.
പോലീസിനെതിരേ ഇദ്ദേഹം നല്‍കിയ കേസിനെ പ്രതിരോധിക്കാന്‍ കാഞ്ഞാര്‍ പോലീസ് പെണ്‍കുട്ടിയെ പ്രേരിപ്പിച്ച് ആരോപണം ഉന്നയിപ്പിക്കുകയായിരുന്നുവെന്ന് ഇടുക്കി പോക്സോ കോടതി നിരീക്ഷിച്ചു. തെളിവുകളുടെ അഭാവത്തിലാണ് ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കിയത്. പോലീസിനെ കോടതി നിശിതമായി വിമര്‍ശിച്ചു. ഉദ്യോഗസ്ഥന്‍ ഉറക്കെ പാട്ടുവെക്കുന്നതുകൊണ്ട് തനിക്ക് പഠിക്കാനാകുന്നില്ലെന്ന പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് കേസിലേക്കുനയിച്ചത്.
ഉദ്യോഗസ്ഥൻ പാട്ടുവെക്കുന്നതിനെതിരേ പെണ്‍കുട്ടി നല്‍കിയ പരാതിയിൽ ഉദ്യോഗസ്ഥനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. പ്രശ്‌നം പറഞ്ഞുതീര്‍ക്കുന്നതിനിടെ പോലീസുകാരും ഉദ്യോഗസ്ഥനും തമ്മില്‍ കൈയാങ്കളിയുണ്ടായിരുന്നു. തുടര്‍ന്ന് ഇദ്ദേഹവും ഭാര്യയും ആശുപത്രിയില്‍ ചികിത്സതേടി, പൊലീസ് മര്‍ദിച്ചതിനെതിരേ കോടതിയെ സമീപിക്കുകയുംചെയ്തു. തന്നെ മര്‍ദിച്ചെന്ന സിപിഒയുടെ പരാതിയില്‍ ഉദ്യോഗസ്ഥനെതിരേ കാഞ്ഞാര്‍ പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു. ഇതിനുശേഷം പോക്‌സോകേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
വിചാരണസമയത്ത് ഉദ്യോഗസ്ഥനെതിരെ മതിയായ തെളിവുകളുണ്ടായിരുന്നില്ല. കൂടാതെ പെണ്‍കുട്ടിയുടെയും മുത്തശ്ശിയുടെയും മൊഴികളിലെ വൈരുധ്യവും മറ്റുതെളിവുകളും കണക്കിലെടുത്ത്, കേസ് കെട്ടിച്ചമച്ചതാണെന്നും കോടതി കണ്ടെത്തി. എന്തിനുവേണ്ടിയാണോ പോലീസിനെ സമൂഹം നിയോഗിച്ചിരിക്കുന്നത് അതിന് വിരുദ്ധമായ പെരുമാറ്റമാണ് പോലീസുദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്ന് സ്‌പെഷ്യല്‍ ജഡ്ജി ടിജി വര്‍ഗീസ് വിധിന്യായത്തില്‍ നിരീക്ഷിച്ചു.