സ്ഫോടനത്തിന്റെ ക്രെഡിറ്റ് മറ്റാർക്കും പോകാതിരിക്കാൻ തെളിവുകൾ സൂക്ഷിച്ചു; കളമശേരി സ്ഫോടനത്തിൽ പ്രതിയുടെ മൊഴി

Kerala

കളമശ്ശേരിയിലെ സ്‌ഫോടനത്തിന്റെ ക്രെഡിറ്റ് മറ്റാരെങ്കിലും ഏറ്റെടുക്കാതിരിക്കാനാണ് താന്‍ തെളിവുകള്‍ സൂക്ഷിച്ചതെന്ന് പ്രതി മാര്‍ട്ടിന്‍ ഡൊമിനിക് പോലീസിനോട്. സംഭവം നടന്ന ഉടൻ തന്നെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മാര്‍ട്ടിന്‍ ഫെയ്‌സ്ബുക്കില്‍ വീഡിയോ ഇട്ടിരുന്നു. തുടര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി, തെളിവുകളെല്ലാം മാര്‍ട്ടിന്‍ പോലീസിന് കൈമാറുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പോലീസ് സ്ഫോടനത്തിന്റെ കാരണം ആരാഞ്ഞത്.

സ്‌ഫോടനത്തിന്റെ ക്രെഡിറ്റ് തനിക്ക് തന്നെ വേണമെന്നും മറ്റാരും അത് ഏറ്റെടുക്കാന്‍ പാടില്ലെന്നുമാണ് മാർട്ടിൻ പോലീസിനോട് പറഞ്ഞത്. എല്ലാം താൻ ഒറ്റയ്ക്കാണ് ചെയ്തത്, ഏറെക്കാലമായി യഹോവ സാക്ഷികള്‍ക്കെതിരെ മനസ്സില്‍ വിരോധം സൂക്ഷിക്കുന്നുണ്ട്. അതുകൊണ്ടാണ് വിദേശത്ത് നിന്ന് മടങ്ങിയെത്തിയത്. കൃത്യമായ പ്ലാനോട് കൂടിയാണ് താന്‍ പദ്ധതി നടപ്പാക്കിയതെന്നും മാര്‍ട്ടിന്‍ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. മാര്‍ട്ടിന്‍ ഡൊമിനിക്കിനെ നവംബർ 15 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.

പ്രതിയുടെ വിദേശബന്ധങ്ങള്‍ അന്വേഷിക്കണമെന്ന് അന്വേഷണസംഘത്തലവന്‍ ഡിസിപി എസ് ശശിധരന്‍ കോടതിയില്‍ വ്യക്തമാക്കി. വിദേശബന്ധത്തിനൊപ്പം സാമ്പത്തികസ്രോതസ്സും അന്വേഷിക്കണം. സ്ഫോടകവസ്തുക്കള്‍ വാങ്ങുന്നതിന് എവിടെ നിന്നാണ് പണം കിട്ടിയതെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും തെളിവെടുപ്പ് പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും പോലീസ് കോടതിയില്‍ വ്യക്തമാക്കി. തനിക്ക് അഭിഭാഷകന്റെ ആവശ്യമില്ലെന്നാണ് പ്രതി കോടതിയില്‍ ആവര്‍ത്തിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നത്. അഭിഭാഷകനെ ആവശ്യമാണെങ്കില്‍ അക്കാര്യം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *