ദില്ലിയില്‍ വായുമലിനീകരണം അതിരൂക്ഷം. വായുഗുണനിലവാര സൂചിക 500ന് മുകളിലെത്തി. പുകമഞ്ഞ് മൂടിയ അന്തരീക്ഷം വലിയ ആരോഗ്യപ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ദില്ലിയിലെ പ്രൈമറി സ്‌കൂളുകള്‍ക്ക് അടുത്തയാഴ്ചയും അവധി നല്‍കി. ദില്ലി വിദ്യാഭ്യാസ മന്ത്രി അതിഷിയുടേതാണ് നിര്‍ദേശം. 6 മുതല്‍ 12 വരെ ക്ലാസുകള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ പരിഗണിക്കാനും നിര്‍ദേശമുണ്ട്.
അതേസമയം വായുമലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികളിലേക്ക് പോകുമെന്ന് പറയുമ്പോഴും ദുരവസ്ഥ ചൂണ്ടിക്കാട്ടി പരസ്പരം പഴിചാരുകയാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍. പുകമഞ്ഞ് മൂടിയ അന്തരീക്ഷത്തില്‍ ദൂരക്കാഴ്ച 300 മീറ്ററില്‍ താഴെയെത്തി. 500ന് മുകളിലാണ് ശരാശരി വായുഗുണനിലവാര സൂചിക.
ചുമയും ശ്വാസം മുട്ടലും കണ്ണ് വേദനയുമായി ആശുപത്രികളിലെത്തുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. നിര്‍മാണ- പൊളിക്കല്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ദില്ലി സര്‍ക്കാര്‍ ഉത്തരവിറക്കി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുളള ഡീസല്‍ ബസുകള്‍ക്കും വാണിജ്യ വാഹനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
അതിരൂക്ഷമായ വായുമലിനീകരണം നേരിടാന്‍ കേന്ദ്രപരിസ്ഥിതി മന്ത്രാലയം കാര്യക്ഷമമായി ഇടപെടണമെന്ന ആവശ്യമാണ് ദില്ലി സര്‍ക്കാര്‍ ഉയര്‍ത്തുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ നടപടികളെ കുറ്റപ്പെടുത്തുകയാണ് കേന്ദ്രസര്‍ക്കാര്‍. അരവിന്ദ് കെജ്രിവാളിനെ കുറ്റപ്പെടുത്തുന്ന ബിജെപി സര്‍ക്കാര്‍ ഉത്തര്‍പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലെ മലിനീകരണത്തേക്കുറിച്ച് മിണ്ടുന്നില്ലെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ വാദം.
ദില്ലിയിലെ 60 ശതമാനം മലിനീകരണത്തിനും കാരണം അയല്‍സംസ്ഥാനങ്ങളിലെ കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നതാണെന്നും ദില്ലി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം സ്ഥിതിഗതികള്‍ രണ്ട് ദിവസം കൂടി നിരീക്ഷിച്ച ശേഷം കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കാമെന്നാണ് കേന്ദ്ര നിലപാട്. ദീപാവലി അടക്കം ആഘോഷങ്ങള്‍ വരാനിരിക്കുന്ന സാഹചര്യത്തില്‍ സ്ഥിതി ഇനിയും മോശമായേക്കും.