കേന്ദ്രം തീരുമാനിച്ചതിനേക്കാള്‍ മൂന്നിരട്ടി പേര്‍ക്ക് സൗജന്യ ചികിത്സ നല്‍കി: മന്ത്രി വീണാ ജോര്‍ജ്

Kerala

കേന്ദ്രം തീരുമാനിച്ചതിനേക്കാള്‍ മൂന്നിരട്ടി പേര്‍ക്ക് സൗജന്യ ചികിത്സ നല്‍കാന്‍ കേരളത്തിനായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് സാര്‍വത്രിക സൗജന്യ ചികിത്സ ഉറപ്പാക്കി. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനമാണ് കേരളം. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയതിന് 3 പ്രാവശ്യം സംസ്ഥാനത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചു. കാസ്പ് പദ്ധതിയില്‍ വരാത്ത ഗുണഭോക്താക്കള്‍ക്ക് കാരുണ്യ ബനവലന്റ് ഫണ്ട് പദ്ധതിയുമുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ ചികിത്സാ സഹായം ഉറപ്പാക്കാനായി മെഡിസെപ് നടപ്പിലാക്കി. 18 വയസിന് താഴെയുള്ള കുട്ടികളുടെ ചികിത്സ ഉറപ്പാക്കാനായി ആരോഗ്യ കിരണം പദ്ധതിയുമുണ്ടെന്നും മന്ത്രി പറഞ്ഞു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ‘പൊതുജനാരോഗ്യം’ സെമിനാറില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തെ സമ്പൂര്‍ണ സാന്ത്വന പരിചരണ സംസ്ഥാനമാക്കാനാണ് പരിശ്രമിക്കുന്നത്. ആദ്യമായി സാന്ത്വന പരിചണ നയം ആവിഷ്‌കരിച്ച സംസ്ഥാനമാണ് കേരളം. ഇപ്പോള്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തി. കിടപ്പ് രോഗികള്‍ക്ക് പാലിയേറ്റീവ് നഴ്സുമാരുടെ സേവനം കൂടാതെ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം കൂടി ഉറപ്പാക്കി. ഗൃഹ പരിചരണം ശാസ്ത്രീയമാക്കി.

സ്ത്രീകളുടെ വിളര്‍ച്ച കണ്ടെത്തി ചികിത്സിക്കുന്നതിന് വിവ കേരളം പദ്ധതി നടപ്പിലാക്കി. താലോലം, ഹൃദ്യം, ശ്രുതിതരംഗം പദ്ധതികള്‍ വിജയകരമായി തുടരുന്ന പദ്ധതികളാണ്. ഹൃദ്യം പദ്ധതിയിലൂടെ 6491 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയകള്‍ നടത്തി. നിലച്ചുപോകുമായിരുന്ന പിഞ്ചു ഹൃദയങ്ങളെ ഈ പദ്ധതിയിലൂടെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ സാധിച്ചു. നവജാത ശിശുക്കളുടെ ആരോഗ്യ പ്രശ്നങ്ങള്‍ നേരത്തെ കണ്ടെത്തി പരിഹരിക്കുന്നതിനും തുടര്‍ചികിത്സകള്‍ ഉറപ്പാക്കുന്നതിനും ഡിസ്ട്രിക്ട് ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ നടപ്പിലാക്കി.

ആശുപത്രി, ഡോക്ടര്‍, രോഗി അനുപാതത്തില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്താണ്. നീതി ആയോഗ് സൂചികയില്‍ സംസ്ഥാനം തുടര്‍ച്ചയായി ഒന്നാമതാണ്. മാതൃമരണ നിരക്കും ശിശു മരണ നിരക്കും ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തെ ശിശുമരണ നിരക്ക് അഞ്ചിനടുത്താണ്. ആയുര്‍ദൈര്‍ഘ്യം ഏറ്റവും കൂടുതല്‍ കേരളത്തിലാണ്. പ്രാഥമികതലം മുതല്‍ ചികിത്സയും രോഗപ്രതിരോധവും ശക്തിപ്പെടുത്താന്‍ കഴിഞ്ഞു. സ്ത്രീകളുടേയും കുട്ടികളുടേയും ആരോഗ്യ സംരക്ഷണത്തില്‍ നല്ല നേട്ടം കൈവരിച്ചു

Leave a Reply

Your email address will not be published. Required fields are marked *