കൽപ്പറ്റ : പ്രധാനമന്ത്രിയായിരിക്കെ അംഗ രക്ഷകരുടെ തോക്കിൽ നിന്നുതിർത്ത വെടിയുണ്ടകളേറ്റ് പിടഞ്ഞ് വീണ് രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ഇന്ദിരാ പ്രിയദർശിനിയുടെ 39 כ൦ ചരമ വാർഷിക ദിനമായ ഒക്ടോബർ 31 ന് വയനാട് ഡി.സി.സി ഓഫീസിൽ അനുസ്മരണയോഗം നടത്തി. ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്ത്കൊണ്ട് അനുസ്മരണ പ്രഭാഷണം നടത്തി. 1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധമായിരുന്നു ഇന്ദിരയുടെ യശസ് ഉയർത്തിയ ഒരു പ്രധാന സംഭവം. കിഴക്കൻ പാകിസ്താനിലെ ഹിന്ദുക്കളെ ഇന്ത്യയിലേക്ക് പറഞ്ഞുവിട്ട പാക് സൈന്യമാണ് സംഘർഷത്തിനു തുടക്കം കുറിച്ചത്. പാകിസ്താന്റെ നടപടിയെ രാജ്യാന്തര വേദികളിൽ ചോദ്യം ചെയ്ത ശേഷം ഇന്ത്യ, ബംഗ്ലാദേശ് വിമോചന യുദ്ധം ആരംഭിച്ചു. ഒരുലക്ഷത്തോളം പാക് സൈനികരെ തടവിലാക്കിയ ഇന്ത്യ ബംഗ്ലാദേശിനെ പാകിസ്താനിൽ നിന്നും വേർപെടുത്തി. ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ ഇന്ത്യ നേടിയ വിജയം പൊതുജനങ്ങൾക്കിടയിൽ ഇന്ദിരയുടെ സ്വാധീനം അരക്കിട്ടുറപ്പിച്ചു. ഇന്ദിരയുടെ കൈകളിൽ ഇന്ത്യ സുരക്ഷിതമാണെന്നു സാധാരണക്കാരെക്കൊണ്ടു ചിന്തിപ്പിക്കുന്നതിൽ അവർ വിജയിച്ചു. പാക്സിതാനെ സഹായിക്കാൻ അമേരിക്കയുടെ ഏഴാം കപ്പൽപ്പട വരുമെന്ന് ഇന്ദിരാജിയെ അറിയിച്ചപ്പോൾ, തൻറെ സമുദ്രാതിർത്തി കടക്കുന്ന സൈന്യം തിരിച്ച് ഇന്ത്യ വിട്ട് പോകണോ എന്നുള്ളത് താൻ തീരുമാനിക്കുമെന്ന ശക്തമായ മറുപടിയുടെ ഫലമായാണ് അമേരിക്ക ആ ദൗത്യത്തിൽ നിന്നും പിന്മാറിയത്. മരിക്കുന്നതിന് തലേദിവസം ഒറീസയിലെ ഭുവനേശ്വറിൽ അവർ നടത്തിയ പ്രസംഗത്തിലെ ശ്രദ്ധേയമായ ഭാഗം ഇങ്ങനെ ആയിരുന്നു. ‘ഇന്ന് ഞാൻ ഇവിടെയുണ്ട്. നാളെ ഉണ്ടാവണമെന്നില്ല. പക്ഷേ ദേശീയ താത്പര്യം സംരക്ഷിക്കുക എന്ന ഉത്തരവാദിത്തം ഓരോ പൗരനിലും നിക്ഷിപ്തമാണ്. ഞാനിത് മുമ്പും സൂചിപ്പിച്ചിട്ടുണ്ട്. ഇവിടെ ഭുവനേശ്വറിലെത്തിയപ്പോൾ തന്നെ ഒരു ഇഷ്ടിക കഷ്ണം എന്റെ മേൽ പതിച്ചു. സാധ്യമായ എല്ലാ മാർഗങ്ങളിലൂടെയും എന്നെ ആക്രമിക്കാൻ അവർ ശ്രമിക്കുന്നുണ്ട്. പക്ഷേ ജീവിച്ചിരിക്കുമോ അതോ കൊല്ലപ്പെടുമോ എന്നത് ഞാൻ ഗൗരവത്തിൽ എടുക്കുന്നില്ല. സ്വന്തമായി ഒരു രാജ്യം വേണമെന്ന ഖാലിസ്ഥാൻ വാദികളുടെ മുദ്രാവാക്യത്തെ അംഗീകരിക്കാനാവാത്തതിൽ ഓപ്പറേഷൻ ബ്ലൂസ്റ്റാർ എന്ന നടപടിയുടെ പരിണതഫലമായി, സിഖ് വംശജരുടെ അപ്രീതിക്കു പാത്രമായിത്തീർന്ന അവർ 31 ഒക്ടോബർ 1984 ന് സിഖ് വംശജരായ തന്റെ തന്നെ സുരക്ഷാഉദ്യോഗസ്ഥരുടെ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നുവെന്നും, ഇന്ത്യാ രാജ്യത്തിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരിക്കെ ബാങ്ക് ദേശസാൽക്കരണം, പ്രിവി പേഴ്സ് നിർത്തലാക്കാൻ, ഇരുപതിന സാമ്പത്തിക പരിപാടി തുടങ്ങിയ അടിസ്ഥാന വികസന പദ്ധതികൾ നടപ്പിലാക്കി രാജ്യത്തെ ലോകത്തിൽ നിർണായക ശക്തിയായി മാറ്റിയെന്നും ഉദ്ഘാടന പ്രസംഗത്തിൽ ഡി.സി.സി. പ്രസിഡണ്ട് അനുസ്മരിച്ചു. യോഗത്തിൽ പി.പി. ആലി, ടി.ജെ.ഐസക്, ,കെ.വി. പോക്കർഹാജി, ഒവി. അപ്പച്ചൻ, എം.എ. ജോസഫ് ഡി.പി. രാജശേഖരൻ, ബിനു തോമസ്, ജി.വിജയമ്മ ടീച്ചർ, സി. ജയപ്രസാദ്, പോൾസൺ കൂവക്കൽ, ഗോകുൽദാസ് കോട്ടയിൽ, സുരേഷ് ബാബു വാളൽ, ഇവി. എബ്രഹാം, ആർ രാജൻ തുടങ്ങിയവർ സംസാരിച്ചു .