തിരുവനന്തപുരം: ടിക്കറ്റെടുത്ത് സിനിമാ തിയേറ്ററിൽ കയറി അർദ്ധ നഗ്നനായി സിനിമ കാണാനെത്തുന്നവരുടെ പഴ്സ് മോഷ്ടിക്കുന്ന വിരുതൻ ഒടുവിൽ പിടിയിൽ. കഴിഞ്ഞ ദിവസം കഴക്കൂട്ടത്ത് സമാനമായ തരത്തില്‍ തിയറ്ററിനുള്ളിൽ മോഷണം നടത്തുന്നതിനിടയിലാണ് കുടുങ്ങിയത്. വയനാട് സ്വദേശി വിപിൻ (34) ആണ് പിടിയിലായത്.
ആറ്റിങ്ങൽ പോലീസ് കസ്റ്റഡിയിൽ എടുത്ത പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. കഴക്കൂട്ടം ഹരിശ്രീ സിനിമാ തീയറ്ററിൽ ആറ്റിങ്ങലിലെ സമാന രീതിയിൽ മോഷണം നടത്താൻ ശ്രമിക്കവെയാണ് ഇയാളെ തിയറ്റർ ജീവനക്കാർ കയ്യോടെ പിടികൂടുന്നത്.
ആറ്റിങ്ങൽ ഗംഗ തിയേറ്ററിൽ കഴിഞ്ഞദിവസം സിനിമ കാണാനെത്തിയവരുടെ പഴ്സ് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് കള്ളന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസിന് ലഭിക്കുന്നത്. മോഷ്ടാവിനായി പോലീസ് അന്വേഷണം നടത്തുമ്പോഴാണ് ഇന്നലെ 25 കിലോമീറ്റർ ഇപ്പുറം കഴക്കൂട്ടത്ത് പ്രതി യാതൊരു കൂസലും ഇല്ലാതെ മോഷണത്തിന് എത്തിയത്. ടിക്കറ്റ് എടുത്ത് അകത്ത് കടന്ന പ്രതി പതിവ് പോലെ മോഷണം നടത്താൻ ശ്രമിക്കവേ പിടിയിലകുകയായിരുന്നു. പിടിയിലായ വിപിനെതിരെ തമ്പാനൂർ പോലീസ് സ്റ്റേഷനിലും സമാന കേസ് ഉള്ളതായാണ് വിവരം.
ടിക്കറ്റെടുത്ത് തിയേറ്ററിനുള്ളിൽ കടക്കുന്ന യുവാവ് ആളൊഴിഞ്ഞ ഭാഗത്തേക്ക് മാറിയിരിക്കുകയും സിനിമ തുടങ്ങിക്കഴിഞ്ഞാൽ വസ്ത്രങ്ങൾ ഊരിമാറ്റി അർധനഗ്നനായി സീറ്റുകൾക്ക് പിന്നിലൂടെ ഇഴഞ്ഞുനീങ്ങി സിനിമ കാണാനെത്തിയവരുടെ പഴ്സ് മോഷ്ടിക്കുകയും ചെയ്യുന്നതായിരുന്നു രീതി. സിനിമയിൽ ലയിച്ചിരിക്കുന്നവർ മോഷണവിവരം അറിയില്ല. മോഷണം നടത്തിയ ശേഷം യുവാവ് തിരികെ സീറ്റിലെത്തി വസ്ത്രം ധരിച്ച് മാന്യനായി ഇരിക്കും. സിനിമ കഴിയുന്നതോടെ ഇയാള്‍ ഇറങ്ങി രക്ഷപ്പെടുകയും ചെയ്യും.
ആറ്റിങ്ങല്‍ ഗംഗ തിയേറ്ററിൽ ഏതാനും ദിവസം മുമ്പ് സിനിമ കാണാനെത്തിയ ഏതാനും യുവതികളുടെ പഴ്സ് നഷ്ടപ്പെട്ടിരുന്നു. തിയേറ്ററിൽ അറിയിച്ചതിനെത്തുടർന്ന് ജീവനക്കാർ സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷണ ദൃശ്യങ്ങൾ ലഭിച്ചത്. ഈ ദൃശ്യങ്ങൾ തിയേറ്റർ അധികൃതർ ആറ്റിങ്ങൽ പൊലീസിന് കൈമാറുകയായിരുന്നു. പണം നഷ്ടപ്പെട്ടത് സംബന്ധിച്ച് ആറ്റിങ്ങലില്‍ ആരും പരാതി നല്‍കിയിരുന്നില്ലെന്ന് ഇൻസ്പെക്ടർ മുരളീകൃഷ്ണ പറഞ്ഞു.