കല്‍പ്പറ്റ: അതിരുവിട്ട ഗ്രൂപ്പുകളി അവസാനിപ്പിക്കാനും ഒറ്റക്കെട്ടായി മുന്നോട്ടുപോകാനും ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിനു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിര്‍ദേശം. ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ കോണ്‍ഗ്രസ് സ്‌പെഷല്‍ കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുന്നതിനിടെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ ഗുണദോഷം. നേതാക്കളില്‍ ചിലരുടെ ഗ്രൂപ്പുകളി ജില്ലയില്‍ കോണ്‍ഗ്രസ് പ്രവത്തകരെ നാണംകെടുത്തുന്ന സ്ഥിതി സംജാതമാക്കിയിരുന്നു. ബത്തേരി അര്‍ബന്‍ ബാങ്ക് തെരഞ്ഞെടുപ്പ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരുടെ നിര്‍ണയം എന്നിവയുമായി ബന്ധപ്പെട്ട് പാര്‍ട്ടിയിലെ ഗ്രൂപ്പുവഴക്ക് ആളിക്കത്തുകയുണ്ടായി. ബത്തേരി എംഎല്‍എ ഐ.സി. ബാലകൃഷ്ണന്‍ ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചനോടു മോശം ഭാഷയില്‍ ടെലിഫോണില്‍ സംസാരിക്കുന്നതിന്റെ ക്ലിപ്പ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു ക്ഷീണമായി. കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ വിഷയത്തില്‍ ഏകാഭിപ്രായത്തിലെത്താന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു കഴിഞ്ഞിട്ടില്ല. ഡിസിസി പ്രസിഡന്റിനു നേരേ ഒളിഞ്ഞും തെളിഞ്ഞും അമ്പെയ്യുകയാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം. ഈ പശ്ചാത്തലത്തിലായിരുന്നു കണ്‍വന്‍ഷനില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്റെ അനുമതി വാങ്ങി പ്രതിപക്ഷ നേതാവിന്റെ ഉപദേശം. പാര്‍ട്ടി താത്പര്യങ്ങള്‍ മറന്ന് ഗ്രൂപ്പ് കളിക്കുന്നവര്‍ വിവരം അറിയുമെന്ന് പരോക്ഷമായി പറയാനും അദ്ദേഹം മടിച്ചില്ല.