മേപ്പാടി: മേപ്പാടി ടൗണിൽ പ്രവർത്തിച്ചു വരുന്ന പൊതു സേവന കേന്ദ്രമായ (CSC ) സിറ്റി കമ്മ്യൂണിക്കേഷൻ സെന്റർ കുത്തി തുറന്ന് 10000 രൂപയും കമ്പ്യൂട്ടർ സാമഗ്രികളും കവർന്ന കേസിൽ ഒളിവിലായിരുന്ന മലപ്പുറം ജില്ലയിലെ തിരുനാവായ കൊടക്കൽ സ്വദേശിയായ പറമ്പിൽ സാജിത്ത്(41) എന്ന താജുദ്ദീനെയാണ് മേപ്പാടി പോലീസ് പിടികൂടിയത്. ജൂലൈ 26 ന് ആയിരുന്നു കവർച്ച. പരാതിയുടെ അടിസ്ഥാനത്തിൽ 27 ന് കേസ് രജിസ്റ്റർ ചെയ്ത് തുടർന്ന് പ്രതി കേരളത്തിലും തമിഴ്നാട്ടിലുമായി ഒളിവിൽ താമസിച്ചു വരികയായിരുന്ന പ്രതിയെ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ അതിവിദഗ്ദമായാണ് ഇന്നലെ രാത്രി പട്ടാമ്പിയിൽ വച്ച് പോലീസ് പിടികൂടിയത്. കേരളത്തിൽ വിവിധ പോലീസ് സ്റ്റേഷനുകളിലും റെയിൽവേ പോലീസിലും മോഷണം കഞ്ചാവ് വിൽപ്പന തുടങ്ങിയ വിവിധ കേസുകളിൽ പ്രതിയാണ് ഇയാൾ.
മേപ്പാടി പോലീസ് ഇൻസ്പെക്ടർ എ.ബി വിബിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ സിറാജ് വി പി, രജിത്ത് പി, സീനിയർ സിവിൽ പോലീസ് ഓഫീസർ ബിഗേഷ് സിവിൽ പോലീസ് ഓഫീസർമാരായ റഷീദ്, നവീൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്