ഇടുക്കിയിൽ ഇടിമിന്നലേറ്റ് രണ്ട് പേർക്ക് പരുക്ക്

Kerala

ഇടുക്കി കരുണാപുരത്ത് ഇടിമിന്നലേറ്റ് രണ്ടുപേര്‍ക്ക് പരുക്കേറ്റു. തേര്‍ഡ് ക്യാമ്പ് മൂലശേരിയില്‍ സുനില്‍കുമാറിനും മകനുമാണ് പരുക്കേറ്റത്. ഇവരെ തേനി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയായിരുന്നു സംഭവം.

പാമ്പാടിയിലെ ബന്ധുവിന്റെ ശവസംസ്കാര ചടങ്ങുകൾക്ക് ശേഷം തേർഡ്ക്യാമ്പിലെ വീട്ടിൽ എത്തിയ സമയത്തായിരുന്നു അപകടം നടന്നത്. ഭക്ഷണം കഴിച്ചശേഷം വീടിനുള്ളിൽ ഇരിക്കുകയായിരുന്ന സുനിലിനും മകൻ ശ്രീനാഥിനുമാണ് ഇടിമിന്നലിൽ പരുക്കേറ്റത്. മിന്നലിൽ തലയ്ക്കും കാലിനും മുറിവുകളുമേറ്റ സുനിലിനെ മകനെയും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിൽസയ്ക്ക് ശേഷം തേനി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയത്.

കല്ലാർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് ശ്രീനാഥ്. ശ്രീനാഥ് അപകടനില തരണം ചെയ്തതായി ബന്ധുക്കൾ അറിയിച്ചു. എന്നാൽ സുനിൽ ഇപ്പോഴും തേനി മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടുകൂടി അതിർത്തി മേഖലയിൽ അതിശക്തമായ മഴയാണ് ഇടിമിന്നലോട് കൂടി ഉണ്ടായത്. ലഘു മേഘ വിസ്ഫോടനത്തിന് സമാനമായ മഴയാണ് മേഖലയിൽ പെയ്തതെന്നാണ് നാട്ടുകാർ പറയുന്നത്. കരുണാപുരം, കൂട്ടാർ, തേർഡ്ക്യാമ്പ്, രാമക്കൽമേട്, തൂക്കുപാലം, മുണ്ടിയെരുമ, നെടുങ്കണ്ടം, പാറത്തോട്, ഉടുമ്പൻചോല തുടങ്ങിയ മേഖലകളിലെല്ലാം നാലുമണിക്കൂറോളം അതിശക്തമായ മഴ പെയ്തു. മഴയ്‌ക്കൊപ്പം ഇടിമിന്നലും ജനങ്ങളെ ഭീതിയിലാഴ്ത്തുന്നുണ്ട്. കഴിഞ്ഞയാഴ്ച നെടുങ്കണ്ടം എഴുകുംവയലിൽ ഇടിമിന്നലേറ്റ ഒരാൾക്ക് പരുക്കേറ്റിരുന്നു. വീട് ഭാഗികമായി തകരുകയും ചെയ്തിരുന്നു. ജില്ലാ ഭരണകൂടം ഇടിമിന്നൽ ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *