ധരംശാല: ഏകദിന ലോകകപ്പ് ചരിത്രത്തില്‍ മറ്റൊരു ഇന്ത്യന്‍ ബൗളര്‍ക്കുമില്ലാത്ത ചരിത്ര നേട്ടം സ്വന്തമാക്കി പേസര്‍ മുഹമ്മദ് ഷമി. ഇന്ന് ന്യൂസിലന്‍ഡിനെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തിയതോടെ ലോകകപ്പില്‍ രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ബൗളറായി മുഹമ്മദ് ഷമി.കപില്‍ ദേവ്, വെങ്കിടേഷ് പ്രസാദ്, റോബിന്‍ സിങ്, ആശിഷ് നെഹ്റ, യുവരാജ് സിംഗ് എന്നിവര്‍ ലോകകപ്പില്‍ ഇന്ത്യക്കായി ഓരോ തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയവരാണ്
ന്യൂസിലന്‍ഡിനെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തിയതിലൂടെ ലോകകപ്പില്‍ ഏറ്റവും കൂടതല്‍ തവണ നാലോ അതില്‍ കൂടുതലോ വിക്കറ്റ് വീഴ്ത്തുന്നതില്‍ ഓസ്ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്കിന് പിന്നില്‍ മൂന്നാം സ്ഥാനത്തെത്താനും ഷമിക്കായി. 22 ഇന്നിംഗ്സില്‍ നിന്നാണ് സ്റ്റാര്‍ക്ക് ആറ് തവണ നാലോ അതില്‍ കൂടുതലോ വിക്കറ്റെടുത്തതെങ്കില്‍ മുഹമ്മദ് ഷമി വെറും 12 ഇന്നിംഗ്സുകളില്‍ നിന്നാണ് അഞ്ച് തവണ നാലോ അതില്‍ കൂടതലോ വിക്കറ്റ് എറിഞ്ഞിട്ടത്.മറ്റൊരു ഇന്ത്യന്‍ ബൗളര്‍ക്കും രണ്ട് തവണയില്‍ കൂടുതല്‍ നാലോ അതില്‍ കൂടുതലോ വിക്കറ്റ് നേടാനായിട്ടില്ല.
മൂന്ന് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ സ്റ്റാര്‍ക്ക് മാത്രമാണ് ലോകകപ്പിലെ അഞ്ച് വിക്കറ്റ് നേട്ടത്തില്‍ ഷമിക്ക് മുന്നിലുള്ളത്. ലോകകപ്പില്‍ ഇതുവരെ കളിച്ച വെറും 12 കളികളില്‍ നിന്ന് രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടവും ഒരു തവണ ഹാട്രിക്കും അടക്കം 36 വിക്കറ്റുകള്‍ സ്വന്തമാക്കിയ ഷമി ലോകകപ്പിലെ ഇന്ത്യന്‍ വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്താണിപ്പോള്‍. 44 വിക്കറ്റ് വീതം വീഴ്ത്തിയ ജവഗല്‍ ശ്രീനാഥും സഹീര്‍ ഖാനും മാത്രമാണ് ഇനി ഷമിക്ക് മുന്നിലുള്ളത്. ഈ ലോകകകപ്പില്‍ തന്നെ ഷമിക്ക് ഇരുവരെയും മറികടക്കാനുള്ള അവസരമുണ്ട്