അവിഹിതവും കൊലപാതകവും, രക്ഷപെടാൻ 2 കൊലപാതകങ്ങൾ വേറെ; മരിച്ചതായി വിശ്വസിപ്പിച്ച് 20 വർഷത്തിന് ശേഷം ട്വിസ്റ്റ്

National

ന്യൂഡല്‍ഹി: മരിച്ചതായി കൃത്രിമ തെളിവുകളുണ്ടാക്കിയ ശേഷം മറ്റൊരു പേരില്‍ ജീവിച്ചുവരികയായിരുന്ന മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. 60 വയസുകാരന്റെ അപ്രതീക്ഷിത അറസ്റ്റും അതിന് ശേഷം നടന്ന ചോദ്യം ചെയ്യലും 20 വര്‍ഷം മുമ്പ് നടന്ന മറ്റ് മൂന്ന് കൊലപാതകങ്ങളുടെ കൂടി ചുരുളഴിച്ചു. ഡല്‍ഹി പൊലീസിന് ലഭിച്ച ഒരു രഹസ്യ വിവരമാണ് രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന് എല്ലാവരും മറക്കുകയും കേസുകള്‍ പോലും അവസാനിപ്പിക്കുകയും ചെയ്ത സംഭവങ്ങള്‍ക്ക് പിന്നിലെ വസ്തുതകള്‍ വെളിച്ചത്തു കൊണ്ടുവന്നത്.

2004ല്‍ ഡല്‍ഹിയിലെ ഭാവന ഏരിയയില്‍ നടന്ന ഒരു കൊലപാതക കേസിലെ പ്രതി ഡല്‍ഹി നജഫ്ഗഡില്‍ താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരമാണ് പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് അവിടെയെത്തി പരിശോധന നടത്തിയപ്പോള്‍ മുന്‍ നേവി ഉദ്യോഗസ്ഥനായ ബലേഷ് കുമാര്‍ പിടിയിലായി. ഇപ്പോള്‍ 60 വയസുകാരനായ അദ്ദേഹം അമന്‍ സിങ് എന്ന വ്യാജ പേരില്‍ റിയല്‍ എസ്റ്റേറ്റ് ഡീലറായി ജോലി ചെയ്യുകയായിരുന്നു എന്ന് ഡല്‍ഹി പൊലീസ് ക്രൈം ബ്രാഞ്ചിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ രവീന്ദര്‍ യാദവ് പറഞ്ഞു. അറസ്റ്റിന് പിന്നാലെ ചോദ്യം ചെയ്തപ്പോള്‍ പൊലീസിന്റെ സംശയം ശരിയായിരുന്നെന്ന് തെളിഞ്ഞു. രണ്ട് പതിറ്റാണ്ട് മുമ്പ് നടന്ന ക്രൂരമായ കൊലപാതകങ്ങളുടെ വിശദാംശങ്ങളും അതോടെ പുറത്തായി.

ഹരിയാന സ്വദേശിയായ ബലേഷ് കുമാര്‍ എട്ടാം ക്ലാസ് വരെ പഠിച്ച ശേഷം 1981ല്‍ നാവിക സേനയില്‍ ചേര്‍ന്നു. 1996ല്‍ വിരമിച്ച ശേഷം ട്രാന്‍സ്പോര്‍ട്ട് ബിസിനസിലേക്ക് കടന്ന അദ്ദേഹം ഡല്‍ഹിയിലെ ഉത്തം നഗറില്‍ കുടുംബത്തോടൊപ്പം കഴിഞ്ഞുവരികയായിരുന്നു. താനും സഹോദരന്‍ സുന്ദര്‍ ലാലും ചേര്‍ന്ന് 2004ല്‍ രാജേഷ് എന്ന ഒരാളെ ശ്വാസം മുട്ടിച്ച് കൊന്നതായി ബലേഷ് കുമാര്‍ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പറഞ്ഞു. ഡല്‍ഹിയിലെ സമയ്പുര്‍ ബദ്ലിയിലായിരുന്നു ഈ കൊലപാതകം നടന്നത്. ബലേഷ് കുമാറും സഹോദരന്‍ സുന്ദര്‍ ലാലും കൊല്ലപ്പെട്ട രാജേഷും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ തന്റെ ഭാര്യയും ബലേഷ് കുമാറും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന് രാജേഷ് ആരോപിച്ചു. ഇതേച്ചൊല്ലി വാക്കേറ്റവും കൈയാങ്കളിയുമായി. തുടര്‍ന്ന് കുമാറും സഹോദരനും മദ്യ ലഹരിയില്‍ രാജേഷിനെ ശ്വാസം മുട്ടിച്ചുകൊല്ലുകയായിരുന്നു.

ഇതിന് പിന്നാലെ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ബലേഷ് കുമാര്‍ പദ്ധതി തയ്യാറാക്കി. ബിഹാറില്‍ നിന്ന് രണ്ട് തൊഴിലാളികളെ എത്തിച്ച് അവര്‍ക്ക് ജോലി വാഗ്ദാനം ചെയ്തു. മനോജ്, മുകേഷ് എന്നീ തൊഴിലാളികളെയും കൊണ്ട് സഹോദരന്റെ ട്രക്കില്‍ രാജസ്ഥാനിലേക്ക് പോയി. പോകുന്ന വഴിയില്‍ ജോധ്പൂരില്‍ വെച്ച് രണ്ട് തൊഴിലാളികളെയും ട്രക്കിനുള്ളിലിട്ട് തീകൊളുത്തി. ഇതോടൊപ്പം തന്റെ തിരിച്ചറിയല്‍ രേഖകളും ബലേഷ് കുമാര്‍ വാഹനത്തില്‍ വെച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോള്‍ കത്തിക്കരിഞ്ഞ മൃതദേഹങ്ങളിലൊന്ന് ബലേഷ് കുമാറിന്റേതാണെന്ന് വിധിയെഴുതി. സ്ഥലത്തു നിന്ന് ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. രണ്ടാമത്തെ മൃതദേഹം തിരിച്ചറിഞ്ഞതുമില്ല.

നേരത്തെ നടന്ന രാജേഷ് കൊലക്കേസ് കോടതിയില്‍ എത്തിയപ്പോള്‍ ബലേഷ് കുമാറിന്റെ സഹോദരന്‍ സുരേന്ദര്‍ ലാലിനെ മാത്രമേ പൊലീസ് കോടതിയില്‍ ഹാജരാക്കിയുള്ളൂ. ബലേഷ് കുമാര്‍ ട്രക്കിന് തീപിടിച്ച് മരിച്ചുവെന്ന് കോടതിയെ പൊലീസ് അറിയിച്ചു. ബലേഷ് കുമാറിന്റെ മരണം എല്ലാവരും വിശ്വസിച്ചതോടെ അദ്ദേഹത്തിന്റെ പെന്‍ഷനും ലൈഫ് ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളും ഭാര്യയ്ക്ക് ലഭിച്ചു. ട്രക്കിന്റെ ഇന്‍ഷുറന്‍സും ബലേഷ് കുമാറിന്റെ ഭാര്യയ്ക്ക് കൈമാറി.

കൊലപാതകങ്ങളുടെ വിവരങ്ങള്‍ എല്ലാം നശിച്ചതോടെ എല്ലാം അവസാനിച്ചെന്ന വിശ്വാസത്തോടെ മറ്റൊരു പേരില്‍ താമസിച്ച് വരുമ്പോഴാണ് രഹസ്യ വിവരം കിട്ടി പൊലീസ് എത്തുന്നതും അറസ്റ്റിലായതും. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ട്രക്കിന് തീയിട്ട് കൊന്ന കേസ് പുനരന്വേഷിക്കാന്‍ ഡല്‍ഹി പൊലീസ് ജോധ്പൂര്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *