മമ്മൂട്ടിക്ക് ആദരവുമായി ഓസ്‌ട്രേലിയ, സ്റ്റാമ്പില്‍ താരത്തിന്റെ മുഖം

International

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് ഓസ്‌ട്രേലിയൻ ദേശീയ പാർലമന്റിൽ ആദരവ്. മമ്മൂട്ടിയെ ആദരിക്കാൻ കാൻബറയിലെ ഓസ്‌ട്രേലിയൻ ദേശീയ പാർലമെന്റിലെ ‘പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ’ ആയിരുന്നു ചടങ്ങ് സംഘാടിപ്പിച്ചത്. ഓസ്‍ട്രേലിയയില്‍ പതിനായിരം പേഴ്‍സണലൈസ്‍ഡ് സ്റ്റാമ്പുകള്‍ താരത്തിന്റെ മുഖം ഉള്‍പ്പെടുത്തി ഇന്ത്യ ബിസിനസ് കൗൺസിലിന്റെ സഹകരണത്തോടെ പുറത്തിറക്കുന്നതിന്റെ ഉദ്ഘാടനവും പാർലമന്റ് ഹൗസ് ഹാളിൽ നടന്നു. പ്രധാനമന്ത്രി ആന്റണി ആൽബനീസിയുടെ പ്രതിനിധിയും ചടങ്ങിന്റെ സംഘാടകരായ പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യയുടെ ചെയർമാനുമായ ഡോ. ആൻഡ്രൂ ചാൾട്ടൻ എം പി ഓസ്‌ട്രേലിയയിലെ ഇന്ത്യൻ ഹൈക്കമിഷണർ മൻപ്രീത് വോറയ്ക്കു കൈമാറി പ്രകാശനം ചെയ്‍തു

മമ്മൂട്ടിയെ ആദരിക്കുന്ന പ്രത്യേകത ചടങ്ങിന് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ സന്ദേശം ആൻഡ്രൂ ചാൾട്ടൻ വായിച്ചു. ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള വ്യാപാര വാണിജ്യ സാംസ്‌കാരിക സൗഹൃദം പ്രോത്സാഹിപ്പിക്കുന്നതിനു ആസ്‌ട്രേലിയൻ ദേശീയ പാർലമെന്റിലെ എംപി മാരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന സമിതി ആണ് പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ. ഇന്ത്യൻ സാംസ്‌കാരികതയുടെ മുഖമായി തങ്ങൾ മമ്മൂട്ടിയെ കാണുന്നുവെന്ന് ഡോ. ആൻഡ്രൂ ചാൾട്ടൻ എം.പി പറഞ്ഞു. മമ്മൂട്ടിയെ ആദരിക്കുക വഴി ഇന്ത്യയുടെ മഹത്തായ സാംസ്‌കാരികതയെ ആണ് തങ്ങൾ ആദരിക്കുന്നതെന്ന് ആൻഡ്രൂ ചാൾട്ടൻ വ്യക്തമാക്കി.

വളർന്നുവന്ന തന്റെ സമൂഹത്തിനു വേണ്ടി താരം ചെയ്യുന്ന കാര്യങ്ങൾ ഓരോ ഇന്ത്യൻ സെലിബ്രിറ്റികളും മാതൃകയാക്കണമെന്ന് ഓസ്ട്രേലിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ മൻപ്രീത് വോറ അഭിപ്രായപ്പെട്ടു. ഓസ്‌ട്രേലിയയിലെ ഇന്ത്യൻ പ്രവാസികളുടെ മാതാപിതാകൾക്കായി താരത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ‘ഫാമിലി കണക്റ്റ്’ പദ്ധതി ഏറെ പ്രശംസനീയമാണെന്ന് കൃഷി, മത്സ്യബന്ധന വകുപ്പ് മന്ത്രി സെനറ്റർ മുറേയ് വാട്ട് പറഞ്ഞു. ഓസ്‌ട്രേലിയൻ തപാൽ വകുപ്പിന്റെ പേഴ്സണലൈസ്ഡ് വിഭാഗത്തിലൂടെ പുറത്തിറക്കുന്ന സ്റ്റാമ്പുകൾ ഇന്ന് മുതൽ വിപണിയിലെത്തും. ഓസ്‌ട്രേലിയയിൽ തപാലിലൂടെ ലഭ്യമാകുന്ന കേരള ന്യൂസ്‌ പോലെയുള്ള പത്രങ്ങളും മെട്രോ മലയാളം ഉൾപ്പെടെയുള്ള ന്യൂസ്‌ ലെറ്ററുകളും അടുത്ത മാസങ്ങളിൽ മമ്മൂട്ടിയുടെ മുഖമുള്ള സ്റ്റാമ്പുകളുമായാവും വീടുകളിൽ എത്തുക.

Leave a Reply

Your email address will not be published. Required fields are marked *