പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്കുള്ള പദ്ധതികള്‍ കാര്യക്ഷമവും സമയബന്ധിതവുമായി നടപ്പാക്കാന്‍ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് നിര്‍ദ്ദേശിച്ചു. ജില്ലയില്‍ തുടര്‍ച്ചയായി മാവോയിസ്റ്റ് സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ചേര്‍ന്ന ജില്ലാതല ഉദേ്യാഗസ്ഥരുടെ യോഗത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്. ഗോത്രവര്‍ഗ്ഗ സങ്കേതങ്ങളിലെ വീട്, റോഡ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അതത് വകുപ്പുകള്‍ അടിയന്തരമായി പരിഹരിക്കണം. സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണേണ്ടവയാണെങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കാനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഫോറസ്റ്റ് വാച്ചര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തുടങ്ങിയ തസ്തികകളിലെ പി.എസ്.സി. നിയമനവുമായി ബന്ധപ്പെട്ട പരാതികള്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തും. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളുമായി എല്ലാവരും സഹകരിച്ച് മുന്നോട്ട് പോകണം. പട്ടിക വര്‍ഗ്ഗ കോളനികളിലെ വിദ്യാര്‍ത്ഥികളുടെ യാത്രാ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.