ചെന്നൈ: തമിഴ്നാട്ടിലെ നാഗപട്ടണത്തു നിന്നും ശ്രീലങ്കയിലെ കാങ്കസന്തുറൈയിലേക്കുള്ള അതിവേഗ പാസഞ്ചര്‍ ഫെറി സര്‍വീസ് 40 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക, വാണിജ്യ, നയതന്ത്രബന്ധം ശക്തിപ്പെടുത്താന്‍ ഫെറി സര്‍വീസ് സഹായിക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. രാമേശ്വരത്തിനും തലൈമന്നാറിനും ഇടയിലും ഫെറി സര്‍വീസ് പുനരാരംഭിക്കുമെന്നും പ്രധാമന്ത്രി ഉറപ്പ് നല്‍കി
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് സര്‍വീസെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പറഞ്ഞു. 1983ലെ ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധമാണ് നേരത്തെയുള്ള ഫെറി സര്‍വീസ് നിര്‍ത്തിവെക്കാന്‍ കാരണം.
കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സര്‍ബാനന്ദ സോനോവാള്‍, തമിഴ്നാട് പൊതുമരാമത്ത്-തുറമുഖ മന്ത്രി ഇ വി വേലു എന്നിവര്‍ ചേര്‍ന്ന് നാഗപട്ടണം തുറമുഖത്ത് നിന്നുള്ള ഫെറി സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയും വീഡിയോ സന്ദേശങ്ങളിലൂടെ അതിവേഗ ഫെറി സര്‍വീസ് ആരംഭിച്ചതില്‍ പ്രശംസിച്ചു.
തിരുവനല്ലൂര്‍, നാഗൂര്‍, വേളാങ്കണ്ണി തുടങ്ങിയ ആരാധനാലയങ്ങളിലേക്ക് എത്തുന്ന നിരവധി ശ്രീലങ്കന്‍ തീര്‍ഥാടകര്‍ക്ക് സര്‍വീസ് വളരെയധികം ഗുണം ചെയ്യും. ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ നടത്തുന്ന ഫെറി സര്‍വീസിന്റെ ടിക്കറ്റുകള്‍ സ്വകാര്യ ഏജന്‍സിയാണ് വില്‍ക്കുക. 150 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഫെറിയില്‍ രാവിലെ 7 മണിക്ക് നാഗപട്ടണത്ത് നിന്ന് പുറപ്പെട്ട് 11 മണിക്ക് കനകേശന്‍തുറൈയിലെത്തും. ഉച്ചയ്ക്ക് 1.30 ന് തിരിച്ച് വൈകീട്ട് 5.30 ന് നാഗപട്ടണത്തെത്തും.
വടക്കുകിഴക്കന്‍ മണ്‍സണിനെത്തുടര്‍ന്ന് കടല്‍ പ്രക്ഷുബ്ധമാകുന്ന സാഹചര്യത്തില്‍ ഒക്ടോബര്‍ 23 വരെ സര്‍വീസ് ഉണ്ടാകും. 2024 ജനുവരിയില്‍ വീണ്ടും സര്‍വീസ് പുനരാരംഭിക്കും.