ഓൺലൈൻ വഴി ജോലി തട്ടിപ്പ്; അഞ്ച് ലക്ഷം തട്ടിയ ഡൽഹി സ്വദേശികളെ പിടികൂടി വയനാട് സൈബർ പോലീസ്

Wayanad

കൽപ്പറ്റ: ഓൺലൈൻ വഴി ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത ഡൽഹി സ്വദേശികളെ വയനാട് സൈബർ പോലീസ് വലയിലാക്കി. ദുബൈയിലെ ആശുപത്രിയിൽ ജോലി നൽകാം എന്ന് വിശ്വസിപ്പിച്ച് പുൽപള്ളി സ്വദേശിനിയിൽ നിന്ന് പണം തട്ടിയവരെയാണ് ആറു മാസം നീണ്ട അന്വേഷണത്തിനൊടുവിൽ ഡൽഹിയിൽ ചെന്ന് പിടികൂടിയത്. ഡൽഹി ഉത്തംനഗർ സ്വദേശി ബൽരാജ് കുമാർ വർമ്മ(43), ബീഹാർ സ്വദേശിയായ നിലവിൽ ഡൽഹി തിലക് നഗറിൽ താമസിക്കുന്ന രവി കാന്ത്കുമാർ (33) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ മാർച്ച്‌ മാസത്തിലാണ് യുവതി തട്ടിപ്പിനിരയായത്. ജോലിക്കായി പ്രമുഖ ഓൺലൈൻ ജോബ് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത യുവതിയുടെ വ്യക്തിവിവരങ്ങൾ ശേഖരിച്ചാണ് തട്ടിപ്പിന്റെ തുടക്കം. തുടർന്ന്, യുവതിയെ ബന്ധപ്പെട്ട തട്ടിപ്പ് സംഘം അവരുടെ വ്യാജ ജോബ് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യിപ്പിച്ച് യുവതിയുടെ വിശ്വാസം നേടിയെടുത്തു. പിന്നീട് വിവിധ ഫീസ് ആവശ്യത്തിലേക്ക് എന്ന് പറഞ്ഞാണ് തവണകളായി പണം വാങ്ങിയെടുത്തത്.

പരാതി ലഭിച്ച ശേഷം, കൃത്യമായ അന്വേഷണത്തിൽ പണം വാങ്ങിയ ബാങ്ക് അക്കൗണ്ടുകൾ ബീഹാറിലും പരാതിക്കാരിയെ ബന്ധപ്പെട്ട ഫോൺ നമ്പറുകൾ ഡൽഹിയിലും ആണെന്ന് സൈബർ പോലീസ് കണ്ടെത്തി. ഒടുവിൽ, ആറു മാസത്തെ വിശദമായ അന്വേഷത്തിനൊടുവിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. കഴിഞ്ഞയാഴ്ച ഡൽഹിയിലെത്തിയ പോലീസ് ഡൽഹി ഉത്തംനഗറിലും തിലക്നഗറിലും ദിവസങ്ങളോളം നടത്തിയ പരിശോധനക്കൊടുവിലാണ് പ്രതികളിലേക്ക് എത്തിയത്.

സിം കാർഡുകൾ എടുക്കുന്നതിനും ബാങ്ക് അക്കൗണ്ടുകൾ തുടങ്ങുന്നതിനും തട്ടിപ്പുകാർ തിരിച്ചറിയൽ രേഖകളിലെ മേൽവിലാസം വ്യാപകമായി തിരുത്തുന്നതായി അന്വേഷണത്തിൽ നിന്നും മനസിലായി. തുടർന്ന് തട്ടിപ്പ് സംഘത്തിന് മൊബൈൽ നമ്പറുകളും ബാങ്ക് അക്കൗണ്ടുകളും സംഘടിപ്പിച്ചു നൽകുന്ന ഉത്തംനഗർ സ്വദേശിയായ ബൽരാജ് കുമാർ വർമ്മയെ പിടികൂടി ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബീഹാർ സ്വദേശിയും MCA ബിരുദദാരിയുമായ രവി കാന്ത് കുമാറിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ അടുക്കൽ നിന്നും വ്യാജ ജോബ് വെബ്സൈറ്റ് നിർമ്മിക്കുന്നതിനുള്ള സോഴ്സ് കോഡ്, വൈബ് സൈറ്റ് ഹോസ്റ്റ് ചെയ്ത സെർവ്വർ വിവരങ്ങൾ, നിരവധി ബാങ്ക് അക്കൗണ്ടുകൾ, സിം കാർഡുകൾ, പാസ്സ് ബുക്ക്‌, ചെക്ക് ബുക്കുകൾ, ലാപ് ടോപ്പുകൾ എന്നിവയും പിടിച്ചെടുത്തു. തുടർന്ന് ഡൽഹി തീസ് ഹസാരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ ട്രാൻസിറ്റ് വാറൻറ് വാങ്ങി കൽപ്പറ്റ സിജെഎം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വയനാട് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ വയനാട് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ് എച്ച് ഓ ഷജു ജോസഫ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.എ. അബ്ദുൾ സലാം, അബ്ദുൾ ഷുക്കൂർ, എം.എസ്. റിയാസ്, സിവിൽ പോലീസ് ഓഫീസർമാരായ ജിസൺ ജോർജ്, റിജോ ഫെർണാണ്ടസ് എന്നിവരാണ് പ്രതികളെ വിദഗ്ദമായി പിടി കൂടിയത്.

ആധികാരികത പരിശോധിക്കണം- പദം സിംഗ് ഐ.പി.എസ്

ജോബ് വെബ്സൈറ്റുകളിൽ രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർഥികൾ ജോലി വാഗ്ദാനം ചെയ്ത് തങ്ങളെ സമീപിക്കുന്ന തൊഴിൽദാതാക്കളെ കുറിച്ച് യഥാർത്ഥ വെബ്‌സൈറ്റിൽ നിന്നോ അല്ലങ്കിൽ നേരിട്ടോ ആധികാരികത പരിശോധിക്കേണ്ടതാണന്ന് ജില്ലാ പോലീസ് മേധാവി പദം സിംഗ് ഐ.പി.എസ്. ഒരു അംഗീകൃത സ്ഥാപനവും ഒ.ടി.പി, വ്യക്തിഗത ബാങ്കിംഗ് വിവരങ്ങൾ, വലിയ തുകയായി രജിസ്ട്രേഷൻ ഫീസ് എന്നിവ വാങ്ങാറില്ല. ഓൺലൈൻ തട്ടിപ്പിനിരയായാൽ ഉടൻ തന്നെ 1930 എന്ന നമ്പരിലോ www.cybercrime.gov.in എന്ന വൈബ് സൈറ്റിലോ പരാതി രജിസ്റ്റർ ചെയ്യണമെന്നും വയനാട് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *