‘ഓപ്പറേഷൻ അജയ്’; ആദ്യ വിമാനം ഇന്ന് രാത്രി 11.30ന്; എല്ലാവരേയും തിരികെയെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രി

National

ദില്ലി: ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ദൗത്യം ഓപ്പറേഷൻ അജയ് ഇന്ന് ആരംഭിക്കും. ഇന്ത്യൻ സമയം ഇന്ന് രാത്രി 11.30ന് ടെൽ അവീവിൽ നിന്ന് ആദ്യത്തെ പ്രത്യേക വിമാനം പുറപ്പെടും. ചാർട്ടേഡ് വിമാനങ്ങളും ഇതിനായി ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലേക്ക് തിരികെ എത്താൻ താൽപര്യമുള്ളവരുടെ പട്ടിക തയ്യാറക്കിയതായി എംബസി അറിയിച്ചു. ഇസ്രയേലിലുള്ള മുഴുവൻ ഇന്ത്യക്കാരുടെയും വിവരശേഖരണം തുടങ്ങിയതായും എംബസി വ്യക്തമാക്കുന്നു. ഇന്നലെ രാത്രിയാണ് വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ ഒഴിപ്പിക്കൽ നടപടികൾ പ്രഖ്യാപിച്ചത്.

പതിനെണ്ണായിരം ഇന്ത്യാക്കാരെ കൂടാതെ, ഗുജറാത്തിൽ നിന്നും ഇസ്രയേലിലേക്ക് കുടിയേറിയ അറുപതിനായിരത്തോളം ഇന്ത്യൻ വംശജരും സഹായം തേടിയിട്ടുണ്ട്. ഇവരെയെല്ലാം തിരിച്ചെത്തിക്കാനുള്ള നടപടികളാണ് കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്നുള്ളതെന്നാണ് വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിട്ടുള്ളത്. സ്ഥിതി നിരീക്ഷിക്കാൻ വിദേശ കാര്യമന്ത്രാലയം 24 മണിക്കൂർ കണ്ട്രോൾ റൂം തുറന്നിട്ടുണ്ട്. ഇസ്രയേലിലും പലസ്തീനിലുമുള്ള ഇന്ത്യാക്കാർക്ക് ബന്ധപ്പെടാൻ കൂടുതൽ ഹെൽപ് ലൈൻ നമ്പറുകളും പുറത്തുവിട്ടിട്ടുണ്ട്. യുദ്ധ മേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദേശങ്ങൾ അനുസരിക്കണമെന്നും ഇസ്രയേലിലെ ഇന്ത്യൻ അംബാസഡർ നിർദ്ദേശിച്ചിട്ടുണ്ട്

ഹമാസുമായുള്ള യുദ്ധത്തിൽ ഇസ്രയേലിന് ശക്തമായ പിന്തുണ ആവർത്തിക്കുന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളത്. ഇന്ത്യയുടെ ഈ നിലപാടിൽ ചില അറബ് രാജ്യങ്ങൾക്ക് അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഗാസയിൽ ഇസ്രയേൽ കനത്ത ആക്രമണം തുടരുന്നതിൽ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നതാണ് അറബ് രാജ്യങ്ങളടക്കം ചൂണ്ടികാട്ടുന്നത്. ഇസ്രയേലിനൊപ്പം നില്‍ക്കുന്നു എന്ന് പ്രധാനമന്ത്രി രണ്ടുവട്ടം വ്യക്തമാക്കിയിരുന്നു. ഇന്ത്യ ഏകപക്ഷീയമായ നിലപാട് ഒഴിവാക്കണമെന്ന വികാരമാണ് ചില അറബ് രാജ്യങ്ങളുടെ പ്രതിനിധികൾ പ്രകടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *