കൂടുതല്‍ രാജ്യങ്ങള്‍ പൗരന്മാരെ ഒഴിപ്പിക്കുന്നു, ഹമാസ് നേതാക്കളെ വധിക്കുമെന്ന് ഇസ്രയേല്‍ സൈന്യം

International

ടെൽ അവീവ്: ഇസ്രയേല്‍-ഹമാസ് യുദ്ധം അഞ്ചാംദിനത്തിലേക്ക് കടന്നതോടെ കൂടുതല്‍ കടുത്ത നടപടികളുമായി ഇസ്രയേല്‍ സൈന്യം. മുതിര്‍ന്ന ഹമാസ് നേതാക്കളെ ഇല്ലാതാക്കുമെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. ഗാസ ഒരിക്കലും ഇനി പഴയതുപോലെ ആവില്ലെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രി പറഞ്ഞു. കരയിലൂടെയുള്ള സൈനിക നീക്കം ഉടൻ തുടങ്ങുമെന്ന് ഇസ്രയേൽ അമേരിക്കയെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, നുഴഞ്ഞ് കയറിയ ഹമാസ് സംഘം ഇപ്പോഴും ഇസ്രയേലിൽ തുടരുകയാണെന്നാണ് വിവരം. ഇന്നലെ തെക്കൻ ഇസ്രയേലിൽ വ്യത്യസ്ത സംഭവങ്ങളിൽ ഒമ്പത് ഹമാസുകരെ കൊലപ്പെടുത്തിയെന്ന് സൈന്യം. ഇതിനിടെ, ഹമാസ് ആക്രമണത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1200 ആയി. ഗാസയിൽ 70 ഹമാസ് കേന്ദ്രങ്ങളിൽ കൂടി രാത്രി ബോംബിട്ടു എന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി.ഇതിനിടെ സിറിയയിൽ നിന്നും ആക്രമണമുണ്ടായതായി ഇസ്രയേല്‍ വ്യക്തമാക്കി. സിറിയയിൽ നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം. ആക്രമണം തടഞ്ഞെന്നും തിരിച്ചടിച്ചെന്നും ഇസ്രയേൽ അറിയിച്ചു.

അതേസമയം, യുദ്ധം രൂക്ഷമായതോടെ കൂടുതല്‍ രാജ്യങ്ങള്‍ പൗരന്മാരെ ഇസ്രയേലില്‍നിന്ന് ഒഴിപ്പിക്കാനുള്ള നടപടികളും ഊര്‍ജിതമാക്കി. ഇസ്രയേലില്‍നിന്ന് കാനേഡിയന്‍ പൗരന്മാരെ ഉടന്‍ ഒഴിപ്പിക്കുമെന്ന് കാനഡ അറിയിച്ചു. ഹംഗറി, അൽബേനിയ, തായ്‌ലൻഡ്, മെക്സിക്കോ, കംബോഡിയ, ബൾഗേറിയ, റുമേനിയ രാജ്യങ്ങൾ ഒഴിപ്പിക്കൽ തുടരുന്നു. ഗാസയിൽ അഞ്ചാം ദിവസവും ഇസ്രയേൽ ബോംബാക്രമണം തുടരുകയാണ്. ഗാസയില്‍ മാത്രമായി ആയിരത്തോളം പേരാണ് മരിച്ചത്. കുടിവെള്ളവും ഭക്ഷണവും വൈദ്യുതിയുമില്ലാതെ ദുരിതത്തിലായിരിക്കുകയാണ് ഗാസ നിവാസികൾ.

യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ ഇസ്രയേലിലും ഗാസയിലുമായി രണ്ടായിരത്തോളം പേരാണ് മരിച്ചത്. ഇസ്രയേൽ -ഹമാസ് യുദ്ധത്തിൽ ഓരോ ദിവസവും മരണ സംഖ്യ ഉയരുകയാണ്. അഞ്ച് ദിവസമായി ഗാസ മേഖലയിൽ വൈദ്യുതിയും ഇല്ല. പരിക്കേറ്റവരെ ഉൾക്കൊള്ളാനാകാതെ ഗാസയിലെ ആരോഗ്യമേഖല തകർന്നതായി ഐക്യരാഷട്ര സഭ വ്യക്തമാക്കി. ഇതിനിടെ, പലസ്തീന്‍ ജനതക്ക് യു.എ.ഇ സഹായം പ്രഖ്യാപിച്ചിരുന്നു. ഐക്യരാഷ്ട്ര സഭാ ഏജന്‍സിയായ യുഎന്‍ആര്‍ഡബ്ല്യുഎ വഴി രണ്ടു കോടി ഡോളര്‍ സഹായം എത്തിക്കാനാണ് പ്രസിഡൻറ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നിര്‍ദേശം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *