പ്രവാസി നഴ്സുമാര്‍ക്ക് സുപ്രധാന മാർ​ഗനിർദേശങ്ങളുമായി ഇന്ത്യൻ എംബസി

International

കുവൈത്ത് സിറ്റി: കുവൈത്തിലുള്ള ഇന്ത്യൻ നഴ്സുമാര്‍ക്ക് മാർ​ഗ നിർദേശങ്ങള്‍ നല്‍കി ഇന്ത്യൻ എംബസി. കുവൈത്ത് ആരോഗ്യ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും സാക്ഷ്യപ്പെടുത്തിയ രേഖാമൂലമുള്ള കരാറിന് രാജ്യത്തുള്ള എല്ലാ നഴ്‌സിംഗ് / മെഡിക്കൽ സ്റ്റാഫുകളും നിർബന്ധം പിടിക്കണമെന്ന് ഇന്ത്യൻ എംബസി നിർദേശിച്ചു.

ഇന്ത്യൻ എംബസിയുടെ സാക്ഷ്യപ്പെടുത്തലും ആവശ്യമാണ്. കരാറിന്റെ ഇംഗ്ലീഷ് പരിഭാഷ വിവർത്തനം ചെയ്ത ഒരു പകർപ്പ് കൈവശം സൂക്ഷിക്കാനും എംബസി നഴ്സിംഗ് സ്റ്റാഫുകളോട് നിര്‍ദ്ദേശിച്ചു.

എംബസിയുടെ നിർദേശങ്ങൾ

വിസ 18ൽ ജോലി ചെയ്യുന്ന പ്രവാസികൾ അവരുടെ സിവിൽ ഐഡി / കോൺട്രാക്‌റ്റുകളിലെ ജോലിയുടെ നിയമനം അനുസരിച്ച് മാത്രമേ ചുമതലകൾ നിർവഹിക്കാവൂ. മറ്റെന്തെങ്കിലും ജോലി ചെയ്യാൻ നിങ്ങളെ നിർബന്ധിക്കുകയാണെങ്കിൽ മാൻപവർ അതോറിറ്റിയെ വിവരം അറിയിക്കണം.
ജോലി ചെയ്യുന്ന ആശുപത്രി അല്ലെങ്കിൽ ക്ലിനിക്കിന് സാധുവായ ആരോ​ഗ്യ മന്ത്രാലയ ലൈസൻസും നഴ്‌സിംഗ് സ്റ്റാഫിനുള്ള ആരോ​ഗ്യ മന്ത്രാലയ, മാൻപവർ അതോറിറ്റി ക്വാട്ട ഉണ്ടെന്ന് ഉറപ്പ് വരുത്തണം.
കുവൈത്തിലെ ഏതെങ്കിലും നഴ്‌സിംഗ് മേഖലയിൽ ജോലി ചെയ്യുന്നതിന് കുവൈത്ത് ആരോ​ഗ്യ മന്ത്രാലയം നൽകുന്ന സാധുവായ നഴ്സിംഗ് ലൈസൻസ് നിർബന്ധമാണ്. ഈ ലൈസൻസ് ഇല്ലാതെ നഴ്സിംഗ് സംബന്ധമായ ജോലി സ്വീകരിക്കുന്നത് ശിക്ഷാന‌ടപടികൾക്ക് കാരണമാകും.
തൊഴിലുമായി ബന്ധപ്പെട്ട ചുമതലകൾ മാത്രം നിർവഹിക്കുക. തൊഴിൽ ദാതാവ്/ആശുപത്രി/ക്ലിനിക്ക് നിങ്ങളുടെ പ്രൊഫെെൽ അനുസരിച്ചുള്ളതല്ലാതെ മറ്റേതെങ്കിലും ചുമതലകൾ നിർവഹിക്കാൻ നിങ്ങളെ നിർബന്ധിക്കുകയാണെങ്കിൽ മാൻപവർ അതോറിറ്റിയിൽ പരാതി നൽകണം. എംബസിയുടെ വാട്ട്‌സ്ആപ്പ് ഹെൽപ്പ് ലൈനിലും (+965-65501769) ബന്ധപ്പെടാം.

പരിശോധനയില്‍ പിടിയിലായ പ്രവാസി മലയാളികൾ ഉൾപ്പടെയുള്ള നഴ്‌സുമാർക്ക് മോചനം

കുവൈത്ത് സിറ്റി: കുവൈത്തില്‍ സുരക്ഷാ പരിശോധനയിൽ പിടിയിലായ മലയാളികൾ ഉൾപ്പടെ ഉള്ള നഴ്‌സുമാർക്ക് മോചനം. 23 ദിവസമായി തടവിൽ കഴിയുകയായിരുന്ന നഴ്സുമാർ മോചിതരായി.

ഇവരിൽ 19 പേർ മലയാളി നഴ്‌സുമാരാണ്. ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹിന്റെ നേരിട്ടുള്ള ഇടപെടലിനെ തുടർന്നാണ് തടവിൽ കഴിയുന്ന മുഴുവൻ പേരെയും വിട്ടയച്ചത്. കുവൈത്തില്‍ തുടരാനും കഴിയും.

കഴിഞ്ഞ മാസമാണ് ഒരു സ്വകാര്യ ക്ലിനിക്കിൽ നടത്തിയ പരിശോധനയില്‍ ഇവര്‍ പിടിയിലായത്. പരിശോധനയില്‍ ഇവരുടെ പക്കൽ ആവശ്യമായ രേഖകളില്ലെന്ന് കണ്ടെത്തിയതോടെയാണ് നടപടിയെന്നാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. കുവൈത്തില്‍ ജോലി ചെയ്യാനുള്ള ലൈസന്‍സോ യോഗ്യതയോ ഇവര്‍ക്കില്ലെന്നാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.

മാലിയ മേഖലയിൽ സ്ഥിതി ചെയ്യുന്ന ആശുപത്രിയിൽ ഹ്യൂമൻ റിസോഴ്‌സ് കമ്മിറ്റി നടത്തിയ സുരക്ഷാ പരിശോധനയിലാണ് നഴ്‌സുമാർ അറസ്റ്റിലായത്. അറസ്റ്റിലായ നഴ്സുമാരെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. മൂന്ന് മുതല്‍ 10 വര്‍ഷം വരെ ഇതേ ക്ലിനിക്കില്‍ ജോലി ചെയ്യുന്നവരാണ് മിക്കവരും. ഫിലീപ്പീന്‍സ്, ഈജിപ്ത്, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും പിടിയിലായവരിലുണ്ട്.

സുരക്ഷാ പരിശോധനയിൽ താമസനിയമം ലംഘിച്ചു ജോലി ചെയ്‌തെന്ന പേരില്‍ ആകെ 60 പേരാണ് പിടിയിലായത്. ഇവരിൽ 5 മലയാളി നഴ്സുമാർ മുലയൂട്ടുന്നരായിരുന്നു. ചെറിയ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാനാവാതെ പ്രയാസത്തിലായതിനെ തുടർന്ന് വിഷയത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും കുവൈത്തിലെ ഇന്ത്യൻ എംബസിയും ഇടപെട്ടിരുന്നു. തുടര്‍ന്ന് ജയിലിൽ കുഞ്ഞുങ്ങൾക്ക് മുലയൂട്ടാൻ അവസരം ഒരുക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *