കൊച്ചി: എറണാകുളം പെരുമ്പാവൂർ കിഴക്കേ ഐമുറിയിൽ വൃദ്ധനെ സമീപവാസിയായ യുവാവ് വെട്ടിക്കൊന്നു. കിഴക്കേ ഐമുറി സ്വദേശി തേരോത്തുമല വേലായുധൻ എന്ന അറുപത്തിയഞ്ചുകാരനാണ് അതിക്രൂരമായി കൊല്ലപെട്ടത്. കൊലപാതകത്തിന് പിന്നാലെ പ്രതിയെന്ന് സംശയിക്കുന്ന പാണിയേലി സ്വദേശി ലിന്റോ ഒളിവിൽ പോയി. ഇയാള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം വൈകിട്ട് ആറു മണിയോടെയാണ് കൊലപാതകം നടന്നത്. വീടിന് സമീപത്ത് വെച്ച് പ്രതി വേലായുധനെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
വേലായുധന്റെ നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ സമീപവാസിയായ ലിന്റോ അവിടെ നിന്ന് ബൈക്കില്‍ കയറിപോകുന്നത് കണ്ടതായാണ് മൊഴി. ഇയാളാണ് വേലായുധനെ ആക്രമിച്ചതെന്നാണ് സൂചന. ഏതാണ്ട് ഒരു വര്‍ഷം മുൻപ് ലിന്റോയും വേലായുധനും തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നു. വേലായുധന്റെ മകന്റെ കടയില്‍ ഇറച്ചി വാങ്ങാനെത്തിയപ്പോഴുണ്ടായ തർക്കം തീരാ പകയിലേക്കെത്തുകയായിരുന്നു. ഇറച്ചിക്കടയിലുണ്ടായ പ്രശ്നത്തിൽ വേലായുധൻ ഇറച്ചി വെട്ടുന്ന കത്തിയെടുത്ത് ലിന്റൊയെ വെട്ടി പരിക്കേൽപ്പിച്ചിരുന്നു. ഇതിന്റെ പ്രതികാരമാണ് ഒരു വർഷത്തിന് ശേഷം നടന്ന കൊലപാതകമെന്നാണ് പൊലീസ് നല്കുന്ന സൂചന.
തന്നെ വെട്ടിയ വേലായുധന്റെ കൈവെട്ടുമെന്ന് പല തവണ ലിന്റോ വേലായുധനെ ഭീഷണിപ്പെടുത്തിയിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. അതു പോലെ വേയായുധന്റെ വലത് കൈപ്പത്തി വെട്ടിമാറ്റിയിട്ടുണ്ട്. ആക്രമണത്തിൽ പരുക്കേറ്റ് ഗുരുതരാവസ്ഥയിലായ വേലായുധനെ നാട്ടുകാര്‍ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒളിവില്‍ പോയ ലിന്റോയെ കണ്ടെത്താൻ കോടനാട് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പ്രദേശത്തെ സിസിടിവികള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. നേരത്തെ തന്നെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ലിന്റോ.