കൈയിലില്ലാത്ത വണ്ടിക്ക് ദിവസവും പെറ്റി വരുന്നു; ഒരു മാസം കൊണ്ട് 50,000 ആയപ്പോള്‍ ആളെത്തപ്പി ഇറങ്ങി, സംഭവിച്ചത്

Kerala

കൊല്ലം: കൈയിലില്ലാത്ത സ്കൂട്ടറിന്റെ പേരില്‍ ഒരു മാസം കൊണ്ട് യുവാവിന് ലഭിച്ചത് 51,500 രൂപയുടെ പിഴ. ഐഎ ക്യാമറകള്‍ പിടികൂടുന്ന നിയമലംഘനങ്ങളാണ് മിക്ക ദിവസവും മെസേജുകളായി രതീഷിന് ലഭിച്ചിരുന്നത്. കെ.എല്‍ 01 എ.ജി 1531 എന്ന നമ്പറിലുള്ള സ്കൂട്ടര്‍ പക്ഷേ അദ്ദേഹം നേരത്തെ തന്നെ മറ്റൊരാള്‍ക്ക് വിറ്റ് കഴിഞ്ഞതായിരുന്നു.

2023 ജൂണ്‍ ആറാം തീയ്യതി മുതല്‍ ജൂലൈ പത്താം തീയ്യതി വരെയുള്ള ദിവസങ്ങളിലാണ് എ.ഐ ക്യാമറകളില്‍ നിന്നുള്ള ഫൈന്‍ അറിയിപ്പുകള്‍ രതീഷിന്റെ മൊബൈല്‍ ഫോണില്‍ എസ്.എം.എസ് ആയി എത്തിയത്. 15 ചലാനുകളിലായി അദ്ദേഹത്തിന് 51,500 രൂപയുടെ പിഴ നോട്ടീസുകളെത്തി. തന്റെ കൈയില്‍ ഇല്ലാതിരുന്ന വണ്ടിയുടെ പേരില്‍ ദിവസവും ഇങ്ങനെ മെസേജുകള്‍ കിട്ടാന്‍ തുടങ്ങിയതോടെ അങ്കലാപ്പിലായ രതീഷ് ഈ വാഹനം ആരാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്താനുള്ള അന്വേഷണമായി. ഒപ്പം മോട്ടോര്‍ വാഹന വകുപ്പിന്റെ സഹായവും തേടി. എംവിഡിയുടെ ഫേസ്ബുക്ക് പേജിലൂടെ മെസേജ് അയച്ചായിരുന്നു അദ്ദേഹം തന്റെ സങ്കടം അറിയിച്ചത്. എന്താണ് സംഭവിക്കുന്നതെന്ന് നോക്കാമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ മറുപടിയും നല്‍കി.

രതീഷ് വിറ്റ വാഹനം എവിടെ എന്നറിയാന്‍ അദ്ദേഹത്തിന്റെ കൂട്ടുകാരുടെ കൂടി സഹായത്തോടെയാണ് അന്വേഷണം നടത്തിയത്. ഒടുവില്‍ കൊല്ലം പത്താനപുരത്തെ ഒരു ബാര്‍ബര്‍ ഷോപ്പില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് വാഹനം കൊണ്ടുനടക്കുന്നതെന്ന് മനസിലായി. ഇയാള്‍ ഹെല്‍മറ്റ് വെയ്ക്കാതെയും മറ്റും വാഹനം ഓടിക്കുന്നതിന്റെ ചെലാനുകളാണ് രതീഷിന്റെ ഫോണിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‍പെക്ടര്‍ ബിജോയിയുടെ നേതൃത്വത്തില്‍ സ്കൂട്ടര്‍ എംവിഡി കസ്റ്റഡിയിലെടുത്തു.

എന്നാല്‍ പെറ്റി അറിയിപ്പുകളെല്ലാം രതീഷിന്റെ ഫോണിലേക്കാണ് വന്നിരുന്നതെങ്കിലും വാഹനത്തിന്റെ രേഖകള്‍ അദ്ദേഹത്തിന്റെ പേരിലായിരുന്നില്ല. നേരത്തെ ഉപയോഗിച്ചിരുന്ന തിരുവനന്തപുരം സ്വദേശിയായ മനുവിന്റെ പേരിലായിരുന്നു സ്കൂട്ടര്‍. ഫോൺ നമ്പര്‍ മാത്രമാണ് രതീഷിന്റേതായി വാഹന രേഖകളില്‍ ഉണ്ടായിരുന്നത്. കൃത്യമായി മൊബൈല്‍ നമ്പര്‍ വാഹന രേഖകളോടൊപ്പം ഇല്ലാതിരുന്നതിനാല്‍ തന്റെ പേരിലുള്ള സ്കൂട്ടറിന് വലിയ തുക പിഴ വന്നതും അതിന് പിന്നാലെയുണ്ടായ പുകിലുകളുമൊന്നും മനു അറി‌ഞ്ഞതുമില്ല. വാഹനം വിറ്റപ്പോള്‍ കൃത്യമായി രേഖകളില്‍ ഉടമസ്ഥാവകാശം മാറ്റാതിരുന്നതിനാല്‍ നിലവില്‍ ഈ വാഹനത്തിന് ലഭിച്ച 51,500 രൂപയുടെ ചലാന്‍ മനുവിന്റെ കൂടി ബാധ്യതയായി നിലനില്‍ക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ കൃത്യമായി ഉടമസ്ഥാവകാശം മാറ്റിയ ശേഷമേ വില്‍ക്കാന്‍ പാടുള്ളൂവെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ആവശ്യപ്പെട്ടു. ഒപ്പം കൃത്യവും ഉപയോഗത്തിലുള്ളതുമായ മൊബൈല്‍ നമ്പര്‍ തന്നെ വാഹന രേഖകളോടൊപ്പം ചേര്‍ക്കുകയും വേണം.

Leave a Reply

Your email address will not be published. Required fields are marked *