അഹമ്മദാബാദ്: 2023 ഏകദിന ലോകകപ്പിന് ഇന്ന് ഇന്ത്യയിൽ തുടക്കമാകുന്നു. ആതിഥേയ രാജ്യമെന്ന നിലയിൽ ഇന്ത്യയാണ് ലോകകപ്പിലെ ഫേവറിറ്റുകൾ. 2011 ന് ശേഷം ഇന്ത്യ ലോകകപ്പ് തൂക്കിയടിക്കുമോ എന്നറിയാനാണ് ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്നത്. ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിന് ഇന്ന് അഹമ്മദാബാദിൽ തുടക്കമാകുമ്പോൾ 2019 ലോകകപ്പ് കലാശപ്പോരാട്ടത്തിലെ എതിരാളികളാണ് നേർക്കുനേർ. 2019 ലോകകപ്പ് ഫൈനലിൽ ഏറെ വിവാദങ്ങൾക്കൊടിവിൽ കപ്പുയർത്തിയ ഇംഗ്ലണ്ട് ലോകകപ്പിലെ വിജയത്തുടർച്ച തേടുമ്പോൾ, കലാശപ്പോരാട്ടത്തിലെ പക തീർക്കാനാകും ന്യൂസിലാൻഡ് ഇറങ്ങുക.
അതിനിടെ ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകളെക്കുറിച്ച് പങ്കുവച്ചും ടീം തിരഞ്ഞെടുപ്പിനെക്കുറിച്ച് വിശദീകരിച്ചു നായകൻ രോഹിത് ശർമ്മ രംഗത്തെത്തി. ലോകകപ്പ് ടീമിലേക്ക് ആദ്യം പരിഗണിച്ചിരുന്ന ചില താരങ്ങളെ അന്തിമ ടീമില്‍ നിന്ന് ഒഴിവാക്കുക എന്നത് അത്ര എളുപ്പമുള്ള തീരുമാനമായിരുന്നില്ലെന്നും എന്നാല്‍ വിഷമകരമെങ്കിലും ടീമിനുവേണ്ടിയാണ് ആ തീരുമാനം എടുക്കേണ്ടിവന്നതെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വ്യക്തമാക്കി. ടീം തെരഞ്ഞെടുപ്പിന് പിന്നിലെ മാനദണ്ഡം സംബന്ധിച്ച് ടീം മാനേജ്മെന്‍റിന് വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്നും ഒരു അഭിമുഖത്തില്‍ രോഹിത് പറഞ്ഞു.
എല്ലാ തീരുമാനങ്ങളും എടുത്തത് ടീമിനുവേണ്ടിയാണ്. അത് ചെയ്തെ മതിയാവു. ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഓരോരുത്തരെയും ഞാന്‍ നേരിട്ട് ബന്ധപ്പെട്ടിരുന്നു. കാരണം, എന്തുകൊണ്ടാണ് ഒഴിവാക്കപ്പെട്ടത് എന്നതിനെക്കുറിച്ച് അവര്‍ക്ക് വ്യക്തമായ ധാരണയുണ്ടാകണമെന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു. ടീമില്‍ നിന്ന് ഒഴിവാക്കപ്പെടുമ്പോള്‍ കളിക്കാര്‍ അസ്വസ്ഥരാവും. അത് സ്വാഭാവികമാണ്. ഞാനും ഇത്തരം ഘട്ടങ്ങളിലൂചെ കടന്നുപോയ കളിക്കാരനാണ്. എന്‍റെ ഒരേയൊരു അജണ്ട, ടീമില്‍ നിന്ന് എങ്ങനെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാമെന്നത് മാത്രമാണ്. ടീമില്‍ ആരൊക്കെ വേണമെന്നത് തീരുമാനിക്കുന്നത് ഞാന്‍ മാത്രമല്ല, അത് കൂട്ടായ തീരുമാനമാണെന്നും രോഹിത് പറഞ്ഞു. ഇന്ത്യൻ ടീമിന് ലോകകപ്പ് നേടാനുള്ള കരുത്തുണ്ടെന്നും ബാക്കിയെല്ലാം മത്സരദിവസത്തെ പ്രകടനം പോലെയാണെന്നും നായകൻ കൂട്ടിച്ചേർത്തു