സിക്കിമിൽ മേഘവിസ്ഫോടനം, മിന്നൽ പ്രളയം; 23 സൈനിക ഉദ്യോഗസ്ഥരെ കാണാതായി

National

ഗാങ്ടോക്ക്: സിക്കിമില്‍ മേഘവിസ്‌ഫോടനത്തിന് പിന്നാലെ മിന്നല്‍ പ്രളയം. പ്രളയത്തില്‍ 23 സൈനിക ഉദ്യോഗസ്ഥരെ കാണാതായി. വടക്കന്‍ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിലാണ് മേഘ വിസ്‌ഫോടനം ഉണ്ടായത്. ഇതിനെ തുടര്‍ന്ന് ടീസ്ത നദിയില്‍ മിന്നല്‍ പ്രളയം ഉണ്ടാവുകയായിരുന്നു. സൈനിക വാഹനങ്ങള്‍ അടക്കം ഒലിച്ചു പോയതായാണ് റിപ്പോര്‍ട്ട്. കാണാതായ സൈനിക ഉദ്യോഗസ്ഥര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. മിന്നൽ പ്രളയത്തെ തുടർന്ന് ഏകദേശം 2,400 വിനോദസഞ്ചാരികൾ മേഖലയിൽ ഒറ്റപ്പെട്ടതായും രക്ഷാപ്രവർത്തനത്തിനായി സൈന്യത്തെ വിളിച്ചതായും റിപ്പോർട്ടുണ്ട്.

ഇതിനിടെ ചുങ്‌താങ് അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിട്ടത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. ഇതോടെ ജലനിരപ്പ് 15-20 അടി വരെ ഉയരാൻ കാരണമായതായും റിപ്പോർട്ടുണ്ട്. നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ടീസ്റ്റ നദിക്ക് കുറുകെയുള്ള സിങ്തം നടപ്പാലം തകർന്നു. പശ്ചിമ ബംഗാളിനെ സിക്കിമുമായി ബന്ധിപ്പിക്കുന്ന ദേശീയ പാത 10ൻ്റെ നിരവധി ഭാഗങ്ങൾ ഒലിച്ചുപോയി. വെള്ളപ്പൊക്കത്തെ തുടർന്ന് പല റോഡുകളും തടസ്സപ്പെടുകയോ ഉപയോഗശൂന്യമാവുകയോ ചെയ്തു.

ഇതിനിടെ ഗാംഗ്‌ടോക്കിൽ നിന്ന് 90 കിലോമീറ്റർ വടക്ക്, ടീസ്റ്റ ഡാമിന് സമീപമുള്ള ചുങ്‌താങ് പട്ടണത്തിലെ താമസക്കാരെ രക്ഷപെടുത്തിയതായി റിപ്പോർട്ടുണ്ട്. പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, വടക്കൻ സിക്കിമിലെ സിംഗ്താമിനെ ചുങ്‌താംഗുമായി ബന്ധിപ്പിക്കുന്ന ദിക്ച്ചു, ടൂങ് പട്ടണങ്ങളിലെ രണ്ട് പാലങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.

സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ടീസ്ത നദി തീരത്തു നിന്ന് വിട്ടുനിൽക്കാൻ ജനങ്ങളോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ഭരണകൂടം മുൻകരുതൽ നടപടിയായി നദിയുടെ താഴ്ന്ന വൃഷ്ടിപ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കാൻ ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗ് സിങ്തം മേഖല സന്ദർശിച്ചിരുന്നു. ‘ആർക്കും പരിക്കേറ്റിട്ടില്ല, പക്ഷേ പൊതു സ്വത്തിന് കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ചിലരെ കാണാതായതായും റിപ്പോർട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നു’; എന്നായിരുന്നു മണിപ്പൂർ മുഖ്യമന്ത്രിയുടെ പ്രതികരണം. സിങ്തമിലെ നദീതടത്തിന് സമീപമുള്ളവരെ നഗരത്തിലെ താൽക്കാലിക ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.

ഈ വർഷം ജൂണിൽ വടക്കൻ സിക്കിം ജില്ലയിൽ മൺസൂൺ മഴയെത്തുടർന്ന് വെള്ളപ്പൊക്കം രൂക്ഷമായിരുന്നു. പെഗോംഗ് പ്രദേശത്ത് വെള്ളപ്പൊക്കം ഉണ്ടായതിനെ തുടർന്ന് നാഷണൽ ഹൈവേ പൂർണ്ണമായും അടച്ചിട്ടിരുന്നു. വെള്ളപ്പൊക്കത്തെ തുടർന്ന് നാഷണൽ ഹൈവേയിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് കാര്യമായ നാശനഷ്ടം സൃഷ്ടിച്ചിരുന്നു. കനത്ത മഴയെത്തുടർന്ന് നദികൾ കരകവിഞ്ഞൊഴുകിയതിന്റെ ഫലമായി ലാചെൻ, ലാചുങ് തുടങ്ങിയ പ്രദേശങ്ങൾ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് ഒറ്റപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *