ചന്ദ്രനില്‍ ചാന്ദ്രയാന്‍ മൂന്ന് ഇറങ്ങിയ ശേഷമുള്ള രണ്ടാമത്തെ രാത്രിയും എത്തി. ഭൂമിയിലെ 14 ദിവസങ്ങളുടെ ദൈര്‍ഘ്യമാണ് ചന്ദ്രനിലെ ഒരു രാത്രിക്ക്. ആദ്യ രാത്രിയില്‍ ഉറക്കമാരംഭിച്ച റോവറും ലാന്‍ഡറും ഇനിയും ഉണര്‍ന്നിട്ടില്ല. ഭൂമിയിലെ 10 ദിവസത്തോളം നീണ്ട ആദ്യ പകൽ മുഴുവൻ ഗവേഷണ വിവരങ്ങൾ ശേഖരിച്ച ശേഷമാണ് ഇവ വിശ്രമമാരംഭിച്ചത്. ഒരു മാസം പിന്നിടുമ്പോള്‍ വിക്രം ലാന്‍ഡറേയും പ്രഗ്യാന്‍ റോവറെയും ഉണര്‍ത്താനുള്ള ശ്രമം തുടരുമെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി.
എന്നാല്‍ ചന്ദ്രയാന്‍ മൂന്ന് ഇനി പ്രവര്‍ത്തിക്കാന്‍ സാധ്യത കുറവാണെന്നും ഐഎസ്ആർഒ അറിയിച്ചിരുന്നു.ചന്ദ്രയാൻ 3 ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ കഴിഞ്ഞ മാസം 4നു മുൻപു പ്രഗ്യാനും വിക്രമും സാക്ഷാത്കരിച്ചിരുന്നു.
ചന്ദ്രനിലെ അടുത്ത പകലില്‍ പ്രഗ്യാനും വിക്രമും ഉറക്കമുണര്‍ന്നാല്‍ അത് ചന്ദ്രയാൻ ദൗത്യത്തിനു ഇരട്ടിമധുരമാകും. ഇനിയുള്ള ചാന്ദ്ര ദൗത്യങ്ങളിൽ ലക്ഷ്യമിടുന്നത് ചന്ദ്രനിലെ കൊടും തണുപ്പിനെ അതിജീവിക്കുന്ന ശാസ്ത്രീയ പഠനോപകരണങ്ങളും ചന്ദ്രനിലെ സാംപിളുകൾ ശേഖരിച്ചു തിരികെയെത്തുന്ന സ്പേസ്ക്രാഫ്റ്റുമാണ്.