ഫ്ലിപ്പ്കാര്‍ട്ടിന്റെയും ആമസോണിന്റെയും വരാനിരിക്കുന്ന വാര്‍ഷിക ഷോപ്പിങ് ഉത്സവങ്ങളില്‍ ഐഫോണുകള്‍ ഉള്‍പ്പെടെയുള്ള സ്‍മാര്‍ട്ട് ഫോണുകള്‍ വന്‍ വിലക്കുറവില്‍ ലഭ്യമാവും. പുതിയ ഐഫോണ്‍ 15 മോഡലുകള്‍ പുറത്തിറക്കിയതിന് പിന്നാലെ ഐഫോണ്‍ 12, 13, 14 മോഡലുകള്‍ ഇക്കുറി വലിയ വിലക്കുറവില്‍ ഇ-കൊമേഴ്‍സ് വെബ്‍സൈറ്റുകളില്‍ നിന്ന് സ്വന്തമാക്കാനാവും. ഫ്ലിപ്കാര്‍ട്ടിന്റെ ബിഗ് ബില്യന്‍ ഡേയും ആമസോണിന്റെ ഗ്രേറ്റ് ഇന്റന്‍ ഫെസ്റ്റിവല്‍ സെയിലും ഏതാനും ദിവസങ്ങള്‍ക്കകം ആരംഭിക്കാനിരിക്കുകയാണ്. ഐഫോണുകള്‍ക്ക് പുറമെ മറ്റ് നിരവധി സ്‍മാര്‍ട്ട് ഫോണുകളും സ്വന്തമാക്കാനുള്ള സുവര്‍ണ അവസരമാണ് വരുന്നത്.
ഫ്ലിപ്കാര്‍ട്ടിന്റെ ബിഗ് ബില്യന്‍ ഡേ സെയിലില്‍ ആപ്പിള്‍ ഐഫോണ്‍ 12 മോഡല്‍ ഹാന്റ്സെറ്റിനെ 38,999 രൂപയ്ക്ക് സ്വന്തമാക്കാം. 2020 ഒക്ടോബറില്‍ ഇന്ത്യയില്‍ ഇറങ്ങിയ ഈ മോഡലിന് അന്ന് 79,900 രൂപയായിരുന്നു വില. ഇപ്പോള്‍ പകുതി വിലയിലും താഴെ ഐഫോണ്‍ 12 വാങ്ങാം. ഇതിന് പുറമെ വിവിധ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് ഓഫറുകളിലൂടെ 3000 രൂപയോളം വീണ്ടും ഇളവ് നേടാനും സാധിക്കും. ഇപ്പോള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സ്‍മാര്‍ട്ട് ഫോണുകള്‍ എക്സ്ചേഞ്ച് ചെയ്ത് 3000 രൂപയുടെ ഇളവു കൂടി ഇതിന് പുറമെയും ലഭിക്കാന്‍ സാധ്യതയുണ്ട്. കാര്‍ഡ് ഓഫറുകളും എക്സ്ചേഞ്ച് ആനുകൂല്യങ്ങളും കൂടി കണക്കാക്കുമ്പോള്‍ ഐഫോണ്‍ 12 മോഡല്‍ ഏകദേശം 32,999 രൂപയ്ക്ക് ഫ്ലിപ്കാര്‍ട്ടിന്റെ ബിഗ് ബില്യന്‍ ഡേയിലൂടെ വാങ്ങാം.
ഐഫോണ്‍ 13 ആണെങ്കില്‍ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലിലൂടെ വന്‍ വിലക്കുറവില്‍ നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 2021ല്‍ പുറത്തിറങ്ങിയ ഐഫോണ്‍ 13നും അന്ന് 79,900 രൂപ തന്നെയായിരുന്നു. എന്നാല്‍ അടിസ്ഥാന മോഡലിന് തന്നെ 128 ജിബി സ്റ്റോറേജ് ഉണ്ടായിരുന്നു എന്നതാണ് പ്രധാന സവിശേഷത. ഐഫോണ്‍ 13 ലഭ്യമാവുന്ന വിലയോ എസ്‍ബിഐ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ലഭിക്കുന്ന ഡിസ്‍കൗണ്ടോ കൃത്യമായി എത്രയാണെന്ന് ആമസോണ്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ 40,000 രൂപയില്‍ താഴെയായിരിക്കും വില എന്ന് അറിയിച്ചുകൊണ്ടുള്ള പരസ്യം സൈറ്റിലുണ്ട്. 59,900 രൂപ വിലയുള്ള ഐഫോണ്‍ 13 നിലവില്‍ 52,499 രൂപയ്ക്കാണ് ആമസോണില്‍ ലഭിക്കുന്നത്. വില 40,000 രൂപയില്‍ താഴെയാവുന്നതിന് പുറമെ എസ്.ബി.ഐ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള ഡിസ്‍കൗണ്ടും എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കും.
ഐഫോണ്‍ 14 മോഡലുകളും വരാനിരിക്കുന്ന സെയിലില്‍ കുറഞ്ഞ വിലയില്‍ ലഭ്യമാകുമെങ്കിലും ഇവയുടെ വില ഇതുവരെ ഫ്ലിപ്‍കാര്‍ട്ട് പുറത്തുവിട്ടിട്ടില്ല. ഐഫോണ്‍ 14ന് 50,000 രൂപയില്‍ താഴെയും ഐഫോണ്‍ 14 പ്ലസിന് 60,000 രൂപയില്‍ താഴെയും ആയിരിക്കും വിലയെന്നാണ് കരുതുന്നത്. ഇവയ്ക്കും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കും. ഒക്ടോബര്‍ എട്ട് മുതല്‍ 15 വരെയാണ് ഫ്ലിപ്കാര്‍ട്ടിന്റെ ബിഗ് ബില്യന്‍ ഡേ സെയില്‍. അതേ ദിവസം തന്നെ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലും ആരംഭിക്കും.