പടിഞ്ഞാറത്തറ : പൂഴിത്തോട് പടിഞ്ഞാറത്തറ ചുരമില്ലാ പാത യാഥാർത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് ജനകീയ കർമ്മ സമിതി നടത്തി വരുന്ന റിലേ സമരം 273 ദിവസം പിന്നിട്ടു.നാളിതു വരെയായി കർമ്മ സമിതി ശേഖരിച്ച വിവരങ്ങളുടെ സമഗ്ര റിപ്പോര്ട് ഇതിന്റെ ഭാഗമായി ഐ സി.ബാലകൃഷ്ണൻ MLA ക്ക് കർമ്മ സമിതി ചെയർപേഴ്സണു ശകുന്തള ഷൺമുഖൻ കൈമാറി. ജില്ലയിലെ മറ്റു രണ്ടു MLA മാരായ ഓ ആർ കേളു, ടി സിദ്ദിഖ് എന്നിവർക്ക് നേരത്തെ റിപ്പോർട്ട് കൈമാറിയിരുന്നു. ചില തെറ്റായ റിപ്പോർട്ടുകൾ മാത്രമാണ് ഈ പാതയ്ക്ക് തടസ്സമായി നിന്നതെന്ന് റിപ്പോർട്ട് ചൂണ്ടികാട്ടുന്നു. ജില്ലാ ഭരണകൂടം മുൻ കൈയ്യെടുത്ത് , ജില്ലാ വികസന സമിതി തീരുമാനപ്രകാരം കഴിഞ്ഞ 19 ന് നടന്ന ജോയിന്റ് വെരിഫിക്കേഷൻ ഏറെ പ്രതിക്ഷയോടെയാണ് വയനാടൻ ജനത നോക്കി കാണുന്നത്. വരും ദിവസങ്ങളിൽ സമാനമായ ഇടപ്പെടലുകൾ കോഴിക്കോടും ഉണ്ടാവുന്നതിനാവശ്യമായ ഇടപ്പെടലുകൾ ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തു നിന്നും ആരംഭിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായാണ് ഒക്ടോബർ 17 ന് ചക്കിട്ടപ്പാറയിൽ നടക്കുന്ന വിപുലമായ യോഗം. മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി ഹാരിസ് കണ്ടിയൻ, CPI (M) കാപ്പിക്കളം ബ്രാഞ്ച് സെക്രട്ടറി ജോണി മുകളേൽ, കർമ്മ സമിതി നേതാക്കളായ ബെന്നി മാണിക്കത്ത് , ടോമി ഓലിക്കുഴി, പ്രഭാകരൻ പള്ളത്ത് ക്കോൽക്കാട്ടിൽ എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.