കാരാപ്പുഴ മെഗാ ടൂറിസം- അതിനൂതന റൈഡുകള്‍ സ്ഥാപിക്കും

Wayanad

കല്‍പ്പറ്റ: കാരാപ്പുഴ ഡാമുമായി ബന്ധപ്പെട്ട് കാരാപ്പുഴ മെഗാടൂറിസം പ്രോജക്ട് സംസ്ഥാനത്തെ ഏറ്റവും ആകര്‍ഷകമായ വിനോദസഞ്ചാര കേന്ദ്രമായി മാറ്റുന്നതിന്റെ ഭാഗമായി കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി.സിദ്ധിഖിന്റെ അദ്ധ്യക്ഷതയില്‍ ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റി യോഗം ചേര്‍ന്നു. ജില്ലയിലെ സുപ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ കാരാപ്പുഴ മെഗാ ടൂറിസത്തിലേക്ക് ടൂറിസ്റ്റുകളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിന് വേണ്ടി അതിനൂതന ഫ്‌ളയിംഗ് ചെയര്‍, ഫ്‌ളയിംഗ് യു.എഫ്.ഒ, ഡ്രോപ്ടവര്‍/ജംമ്പിംഗ് സര്‍ക്കിള്‍ എന്നീ സാഹസിക റൈഡുകള്‍ സ്ഥാപിച്ച് 2023 ഡിസംബര്‍ മുതല്‍ ഗാര്‍ഡന്‍ കൂടുതല്‍ ആകര്‍ഷകമാക്കും.
നേരത്തെ ലേലം ചെയ്ത കഫ്‌റ്റേരിയ, വെര്‍ച്ച്വല്‍ റിയാലിറ്റി സെന്റര്‍, സുവനീര്‍/സ്‌പൈസസ് ഷോപ്പ് എന്നിവ ആരംഭിക്കും. നെല്ലാറച്ചാല്‍ വ്യൂ പോയന്റ് ടൂറിസം സ്‌പോട്ടായി മാറ്റിയെടുക്കുന്നതിന് ജില്ലാ ടൂറിസം വകുപ്പുമായി ആലോചിച്ച് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. തിരുവനന്തപുരം വേളി മോഡല്‍ ടോയ് ട്രെയിന്‍ സ്ഥാപിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കും. ഗാര്‍ഡന്‍ ശുചീകരണം ഫലപ്രദമാക്കുന്നതിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരത്തോടെ ഇന്‍സിനറേറ്റര്‍ സ്ഥാപിക്കുന്നതിനുള്ള സാധ്യതകളും പരിശോധിക്കും. ടൂറിസം പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പുതിയതായി സെക്ഷന്‍ ഓഫീസ് ഏര്‍പ്പെടുത്തുന്നതിന് സര്‍ക്കാരിലേക്ക് അപേക്ഷ സമര്‍പ്പിക്കും.
ടേയ്ക്ക് എ ബ്രേക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാഴവറ്റ ടൗണില്‍ ടോയ്‌ലറ്റ് ബ്‌ളോക്ക് സ്ഥാപിക്കുന്നതിന് മുട്ടില്‍ ഗ്രാമപഞ്ചായത്തുമായി ചേര്‍ന്ന് പദ്ധതി ആവിഷ്‌ക്കരിക്കാനും, ഗാര്‍ഡനില്‍ എത്തുന്ന ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ഉപയോഗിക്കുന്നതിന് പാര്‍ക്കിംഗ് ഏരിയയോട് ചേര്‍ന്ന് ആധുനീക ടോയ്‌ലറ്റ് ബ്ലോക്ക് ഗേറ്റിന് പുറത്ത് സ്ഥാപിക്കും. അതോടൊപ്പം തന്നെ ഗാര്‍ഡനില്‍ ജോലി ചെയ്യുന്ന താല്‍ക്കാലിക തൊഴിലാളികള്‍ക്കും, കരാര്‍ ജീവനക്കാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ അഡ്വ. ടി.സിദ്ധിഖ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഗവണ്‍മെന്റ് നോമിനികളായ പി. ഗഗാറിന്‍, കെ.ജെ ദേവസ്യ, മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സജീവ് പി.ജി, മേരി സിറിയക്ക്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍, കാരാപ്പുഴ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ഡിറ്റിപിസി സെക്രട്ടറി, കെഎസ്ഇബി എഞ്ചിനീയര്‍, പ്രിന്‍സിപ്പള്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *