കൽപ്പറ്റ : പട്ടയരേഖയിൽ അടയാളപ്പെടുത്തിയ ഈട്ടി മരങ്ങൾ കാണാനില്ലെന്ന റവന്യൂവകുപ്പ് റിപ്പോർട്ടിൽ കുരുങ്ങി നിരവധിപേർ. തവിഞ്ഞാൽ പഞ്ചായത്തിലെ ഏഴുന്നൂറോളം കർഷകരാണ് സ്വത്ത് ഭാഗം വയ്ക്കാൻ പോലും കഴിയാതെ പ്രതിസന്ധി നേരിടുന്നത്. ഉണങ്ങി വീണ് മണ്ണിൽ ദ്രവിച്ചും കാട്ടുതീയിലുമാണ് ഈട്ടികളിൽ പലതും നശിച്ചതെന്നാണ് കർഷകർ പറയുന്നത്.
1964 -70 കാലത്താണ് മൂന്നൂറോളം കർഷകർക്ക് തവിഞ്ഞാൽ വില്ലേജിലെ 68/1B, 90/1 സർവേ നമ്പറിൽ പട്ടയം നൽകിയത്. അന്ന് പട്ടയത്തിന് പുറത്ത് സംരക്ഷിത മരത്തിന്റെ കണക്ക് എഴുതിയിരുന്നു. ഇതുപ്രകാരം 680 ഏക്കർ ഭൂമിയിലായി 256 കോടിയുടെ ഈട്ടിമരങ്ങൾ കാണാനില്ലെന്നാണ് റവന്യൂവകുപ്പ് കണക്ക്. പട്ടയം അനുവദിച്ച കാലത്തുള്ള സംരക്ഷിത മരങ്ങൾ ഇപ്പോൾ കാണാനില്ലെന്ന് പറഞ്ഞ് ഭൂമിയുടെ സകല ഇടപാടുകളും റവന്യൂവകുപ്പ് റദ്ദാക്കി. തീരെഴുതാൻ പറ്റുന്നില്ല. പോക്കുവരവ് നടക്കുന്നില്ല. വിൽക്കാൻ കഴിയില്ല. ലോണെടുക്കാൻ പോലും ഉപകാരപ്പെടുന്നില്ല. 2012ൽ ഈട്ടിമരം മുറിച്ചുകടത്തിയെന്ന പരാതിയാണ് എല്ലാത്തിനും കാരണം.
പണം നിലവിലെ കൈവശക്കാർ ഈ തുക അടയ്ക്കണമെന്നാണ് റവന്യൂ വകുപ്പ് നിലപാട്. പട്ടയംകിട്ടിയതിന് ശേഷം ഒരിക്കൽപോലും റവന്യൂവകുപ്പ് മരങ്ങളുടെ കണക്കെടുക്കാൻ വരാതെ ഇപ്പോൾ വട്ടംകറക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. ഇപ്പോഴും ഒരുപാട് മരങ്ങൾ വീണ് ദ്രവിക്കുന്നുണ്ട്. ഇതും പൂർണമായി മണ്ണിടഞ്ഞാൽ അതിന്റെ ബാധ്യതയും കർഷകനാകും. അതിന് മുന്നെ ഒരിടപടെൽ വേണമെന്നാണ് ആവശ്യം. കഴിഞ്ഞ പത്തുവർഷമായി സർക്കാർ ഇടപെടൽ കാത്ത് ഓഫീസുകൾ കയറിക്കയറി പ്രായമായവരാണ് നാട്ടുകാർ.