പത്തനംതിട്ട: പ്രായമായ അമ്മ ഭക്ഷണം തയ്യാറാക്കി കൊടുക്കാൻ താമസിച്ചെന്ന് ആരോപിച്ച് ഫ്ലാറ്റിന് തീയിട്ട് യുവാവ്. പത്തനംതിട്ട ഓമല്ലൂർ പുത്തൻപീടികയിലായിരുന്നു സംഭവം. സംഭവത്തിൽ ജുബിൻ എന്ന ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിരവധി കേസുകളിൽ പ്രതിയാണ് ഇയാളെന്നും മദ്യ ലഹരിയിലായിരുന്നു ഇയാൾ ഫ്ലാറ്റിന് തീയിട്ടതെന്നും പൊലീസ് അറിയിച്ചു. തീപിടിത്തം ഉണ്ടായതിനെത്തുടർന്ന് അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകൾ സംഭവ സ്ഥലത്തെത്തി തീയണക്കാൻ തുടങ്ങി. തീപിടുത്തത്തിൽ 80 കാരി ആയ അമ്മ ഓമന ജോസഫിന് നിസാര പൊള്ളലേറ്റു. അനേകം കുടുംബങ്ങളുള്ള ഫ്ലാറ്റ് സമുച്ചയത്തിൽ തീ പടർന്നിരുന്നെങ്കിൽ വൻ അപകടം ഉണ്ടാകുമായിരുന്നു. പ്രതിയെ വധശ്രമമടക്കമുള്ള വകുപ്പുകൾ ചുമത്തി റിമാൻഡ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ കൂറേ ദിവസങ്ങളായി തന്നെ കുടുംബാംഗങ്ങളുമായി ഇയാൾ വഴക്കിലായിരുന്നു. തീപിടുത്തത്തിൽ ഈ കുടുംബത്തിന്റെ ഫ്ലാറ്റ് പൂർണമായും കത്തി നശിച്ചു. അതേസമയം കഴിഞ്ഞാഴ്ച്ച ആലപ്പൂഴയിൽ യുവാക്കൾ തമ്മിലുള്ള സംഘർഷത്തിനൊടുവിൽ പ്രതികാരം തീർക്കാൻ ലക്ഷ്യമിട്ട ഓട്ടോറിക്ഷ മാറി കത്തിച്ചു. ലക്ഷ്യംവച്ച ഓട്ടോയുടെ സമീപത്ത് പാർക്ക് ചെയ്ത മറ്റൊരു ഓട്ടോറിക്ഷക്കാണ് അക്രമി സംഘം തീയിട്ടത്. ഒന്നരലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായി. സംഭവത്തിൽ നോർത്ത് പൊലീസ് കേസെടുത്തു. ആലപ്പുഴ നഗരസഭ മംഗലം വാർഡിലായിരുന്നു സംഭവം. മംഗലം വാർഡ് അരശ്ശേരിവീട്ടിൽ വിനോദിന്റെ (ജോസ്) ഡീസൽ ഓട്ടോയാണ് ആക്രമണത്തിൽ പൂർണമായും കത്തിനശിച്ചത്. തീയാളുന്നത് കണ്ട് വീട്ടുകാർ ഉണർന്നെങ്കിലും തീകെടുത്താനായില്ല. തുടർന്ന് അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്