എസ്ബിഐ അടക്കമുള്ള ബാങ്കുകൾക്ക് കോടികണക്കിന് രൂപ പിഴയിട്ട് ആർബിഐ

Kerala

ദില്ലി: വിവിധ റെഗുലേറ്ററി മാനദണ്ഡങ്ങൾ ലംഘിച്ചതിന് എസ്ബിഐയും ഇന്ത്യൻ ബാങ്കും ഉൾപ്പെടെ മൂന്ന് പൊതുമേഖലാ ബാങ്കുകൾക്ക് പിഴ ചുമത്തി റിസർവ് ബാങ്ക്. വായ്പ നൽകുന്നതുമായി ബന്ധപ്പെട്ട് ആർബിഐ പുറപ്പെടുവിച്ച ചില നിർദ്ദേശങ്ങൾ പാലിക്കാത്തതിനാണ് പിഴയിട്ടിരിക്കുന്നത്.

കൃത്യമായ പരിശോധനകൾ ഇല്ലാതെ കോർപറേറ്റ് ലോൺ അനുവദിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ത്യയ്ക്ക് ആർബിഐ പിഴ ചുമത്തിയിരിക്കുന്നത്. 1.3 കോടി രൂപയാണ് ബിഹായിനത്തിൽ എസ്ബിഐ നൽകേണ്ടത്. 1949ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 46(4)(i), 51(1) എന്നിവയ്‌ക്കൊപ്പം 47A(1)(c) വകുപ്പുകൾ പ്രകാരം ആർബിഐയിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

നിക്ഷേപങ്ങളുടെ പലിശ നിരക്ക്, കെവൈസി നിയമങ്ങൾ പാലിക്കുക എന്നിവയിൽ വീഴ്ച വരുത്തിയതിന് ഇന്ത്യൻ ബാങ്കിന് 1.62 കോടി രൂപ പിഴ ചുമത്തിയിട്ടുണ്ട്. നിക്ഷേപകരുടെ വിദ്യാഭ്യാസ, ബോധവൽക്കരണ ഫണ്ട് പദ്ധതിയുടെ ചില വ്യവസ്ഥകൾ പാലിക്കാത്തതിന് പഞ്ചാബ് ആൻഡ് സിന്ദ് ബാങ്കിന് ഒരു കോടി രൂപ പിഴ ചുമത്തി. എൻബിഎഫ്‌സികളിലെ തട്ടിപ്പ് നിരീക്ഷിക്കുന്നതിനുള്ള നിർദ്ദേശങ്ങളിലെ ചില വ്യവസ്ഥകൾ പാലിക്കാത്തതിന് ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന് 8.80 ലക്ഷം രൂപ പിഴയും ആർബിഐ ചുമത്തിയിട്ടുണ്ട്.

അതേസമയം, ബാങ്കുകൾക്കും എൻ‌ബി‌എഫ്‌സിക്കുമുള്ള പിഴകൾ, ആർബിഐ നിർദേശിച്ച മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലാണെന്നും ഇത് ഒരിക്കലും ഇടപാടുകാരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അല്ലെന്നും ആർബിഐ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *