എന്റെ വാര്‍ഡ് നൂറില്‍ നൂറ്; അഭിമാന നേട്ടവുമായി തരിയോട് പുല്‍പ്പള്ളി പഞ്ചായത്തുകള്‍

Wayanad

നവകേരളം പദ്ധതിയില്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന എന്റെ വാര്‍ഡ് നൂറില്‍ നൂറ് ക്യാമ്പയിനില്‍ മികച്ച നേട്ടം കൈവരിച്ച് തരിയോട് പുല്‍പ്പള്ളി പഞ്ചായത്തുകള്‍. ക്യാമ്പിയിനിന്റെ ഭാഗമായി നൂറ് ശതമാനം വാതില്‍പ്പടി ശേഖരണവും നൂറ് ശതമാനം യൂസര്‍ ഫീയും പഞ്ചായത്തുകള്‍ പൂര്‍ത്തീകരിച്ചു. ജില്ലയില്‍ എന്റെ വാര്‍ഡ് നൂറില്‍ നൂറ് ക്യാമ്പയിന്‍ പൂര്‍ത്തീകരിക്കുന്ന ആദ്യ പഞ്ചായത്തുകളാണ് തരിയോടും പുല്‍പ്പള്ളിയും.
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മാലിന്യ ശേഖരണവും യൂസര്‍ ഫീയും നൂറ് ശതമാനം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ ക്യാമ്പയിന്‍ സെക്രട്ടറിയേറ്റിന്റെ നേതൃത്വത്തില്‍ ഹരിത കേരളം മിഷന്‍ ആവിഷ്‌കരിച്ച ക്യാമ്പയിനാണ് എന്റെ വാര്‍ഡ് നൂറില്‍ നൂറ്. ഇതനുസരിച്ച് തിരെഞ്ഞെടുക്കപ്പെടുന്ന വാര്‍ഡുകളില്‍ ജനങ്ങളുടെ സഹകരണത്തോടെ വാര്‍ഡ് മെമ്പര്‍മാരുടെയും ഹരിത കര്‍മ്മസേന അംഗങ്ങളുടെയും നേതൃത്വത്തില്‍ പ്രത്യേക ക്യാമ്പയിന്‍ നടത്തി നൂറ് ശതമാനം ക്യാമ്പയിന്‍ പൂര്‍ത്തീകരിക്കും. ജില്ലയില്‍ ഇതുവരെ 7 ഗ്രാമ പഞ്ചായത്തുകള്‍ ക്യാമ്പയിനില്‍ പങ്കാളികളായി. 47 വാര്‍ഡുകള്‍ നൂറ് ശതമാനം നേട്ടം കൈവരിച്ചു. അതില്‍ തരിയോടും പുല്‍പ്പള്ളിയും മുഴുവന്‍ വാര്‍ഡുകളിലും നൂറ് ശതമാനം നേട്ടം കൈവരിക്കുന്ന ആദ്യ പഞ്ചായത്തുകളാണ്. അജൈവ മാലിന്യങ്ങളും യൂസര്‍ ഫീയും നല്‍കാത്തതില്‍ ശിക്ഷാ നടപടികളിലേക്കോ പിഴയിലേക്കോ പോകാതെ തന്നെ പൊതുജന സഹകരണത്തോടെ തീര്‍ത്തും ജനകീയമായി യൂസര്‍ ഫീ നേട്ടം കൈവരികുന്നു എന്നതാണ് ക്യാമ്പയിനിന്റെ പ്രത്യേകത. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടന്നു വരുന്നുണ്ട്. നൂറ് ശതമാനം നേട്ടം കൈവരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിത കര്‍മ്മസേന അംഗങ്ങളെ ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ പ്രത്യേക ചടങ്ങുകള്‍ സംഘടിപ്പിച്ച് ആദരിക്കുന്നുണ്ട്.

എന്റെ വാര്‍ഡ് നൂറില്‍ നൂറ് ക്യാമ്പയിന്‍ പൂര്‍ത്തീകരിച്ച തരിയോട് പഞ്ചായത്തിനെ ഹരിത കേരളം മിഷന്‍ ആദരിച്ചു. തരിയോട് പഞ്ചായത്തില്‍ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ ആന്റണി അധ്യക്ഷത വഹിച്ചു. നവകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ സുരേഷ് ബാബു ഗ്രാമപഞ്ചായത്ത് ടീമിന് മൊമെന്റൊയും വാര്‍ഡുകളിലെ ഹരിതകര്‍മ സേന അംഗങ്ങള്‍ക്കും അനുമോദന പത്രവും കൈമാറി. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഷമീം പാറക്കണ്ടി, പുഷ്പ മനോജ്, രാധ പുലിക്കോട്ട്, മെമ്പര്‍മാരായ ഉണ്ണികൃഷ്ണന്‍, ചന്ദ്രന്‍ മടത്തുവയല്‍, വിജയന്‍ തോട്ടുങ്കല്‍, സൂന നവീന്‍, ബീന റോബിന്‍സണ്‍, വത്സല നളിനാക്ഷന്‍, സിബില്‍ എഡ്വേര്‍ഡ്, കെ.എന്‍ ഗോപിനാഥന്‍, പഞ്ചായത്ത് സെക്രട്ടറി എം.ബി ലതിക, വി.ഇ.ഒ വി.എം ശ്രീജിത്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രതീഷ്, നിറവ് ഹരിത സഹായ സംഘം പ്രതിനിധി രാജേഷ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഇ കെ രാധ തുടങ്ങിയവര്‍ സംസാരിച്ചു. ഹരിത കര്‍മ്മസേന അംഗങ്ങള്‍, പഞ്ചായത്ത് ജീവനക്കാര്‍, നവകേരളം കര്‍മ്മ പദ്ധതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *