700 കാറുകൾ പാർക്കിംഗ്, ഒപ്പം ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനും ഫുഡ് കോർട്ടും; കോഴിക്കോട് ബീച്ചിൽ പുതിയ പദ്ധതി

Kerala

കോഴിക്കോട് : കോഴിക്കോട് ബീച്ചിലെ ഗതാഗത കുരുക്കിനും പാർക്കിംഗ് പ്രശ്നത്തിനും പരിഹാരമാകുന്നു. 700 കാറുകൾക്ക് പാർക്ക് ചെയ്യാനാവുന്ന പദ്ധതിയുടെ ധാരണപത്രം ഒപ്പു വെച്ചു. തുറമുഖ വകുപ്പിന്റെ കീഴിലുള്ള കടൽത്തീരത്താണ് വിദേശ മാതൃകയിലുള്ള ഓപ്പൺ പാർക്കിംഗ് ഒരുക്കുന്നത്. വലിയ കെട്ടിട നിർമ്മാണങ്ങൾ ആവശ്യമില്ലാത്തതിനാൽ ആറ് മാസം കൊണ്ട് പദ്ധതി പൂർത്തിയാകും

കോഴിക്കോട് ഗാന്ധി റോഡ് മേൽപ്പാലം മുതൽ ലയൺസ് പാർക്ക് വരെയുള്ള 4 ഏക്കറോളമുള്ള കടൽത്തീരം പ്രയോജനപ്പെടുത്തിയാണ് പാർക്കിംഗ് സംവിധാനം ഒരുക്കുന്നത്. വിദേശ രാജ്യങ്ങളിലെ മാതൃകയിൽ നിർമിക്കുന്ന ഓപ്പൺ പാർക്കിംഗ് സംവിധാനം കോഴിക്കോട് കോർപ്പറേഷനും കേരള മാരിടൈം ബോർഡും സംയുക്തമായാണ് നടപ്പിലാക്കുന്നത്. 700 കാറുകൾക്ക് ഒരേ സമയം പാർക്ക് ചെയ്യാനാവും. ഇതിനുള്ള ധാരണാപത്രം ഒപ്പു വെച്ചു. സിറ്റി ട്രാഫിക് എസ് ഐ ആയിരുന്ന മനോജ് ബാബുവാണ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത്. രാജ്യത്ത് ഉടനീളം ഉപയോഗ ശൂന്യമായി കിടക്കുന്ന സ്ഥലങ്ങൾ പ്രയോജനപ്പെടുത്തി നടത്താവുന്ന മാതൃക പദ്ധതിയാണ് ഓപ്പൺ പാർക്കിംഗ് എന്ന് പറയുന്നു.

പാർക്കിംഗിനൊപ്പം ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ, ഫുഡ് കോർട്ട്, മീൻ വിപണന കേന്ദ്രം, ശുചിമുറി, പൂന്തോട്ടം എന്നിവയും നിർമിക്കും. സുരക്ഷ ഉറപ്പാക്കാൻ സിസിടിവികളും സ്ഥാപിക്കും. ഒന്നരക്കോടി രൂപ ചെലവിൽ 6 മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാകുമെന്നാണ് കരുതുന്നത്. പദ്ധതിയുടെ ചെലവും വരുമാനവും കോഴിക്കോട് കോർപ്പറേഷനും മാരി ടൈം ബോർഡും ചേർന്നാണ് പങ്കിടുക. തിരക്കേറിയ ബീച്ചായതിനാൽ ഒരു വർഷം കൊണ്ട് മുടക്ക് മുതൽ തിരിച്ചു കിട്ടുമെന്നാണ് പ്രതീക്ഷ. സമാന രീതിയിൽ കോനാട് ബീച്ചിൽ ലോറികൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യവും പിന്നീട് ഒരുക്കും.

Leave a Reply

Your email address will not be published. Required fields are marked *