ബാറിൽ ആക്രമണം നടത്തിയതിന് തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിച്ചു; ഒരു മണിക്കൂറിനകം ജാമ്യം, തിരിച്ചെത്തി ‘പ്രതികാരവും’

Kerala

കൊല്ലം: കൊല്ലം അഞ്ചാലുംമൂട്ടിൽ ബാറിൽ ആക്രമണം നടത്തിയതിന് ജീവനക്കാര്‍ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിച്ച പ്രതികൾ സ്റ്റേഷൻ ജാമ്യത്തിലിറങ്ങി ബാര്‍ മാനേജറെ ക്രൂരമായി മര്‍ദ്ദിച്ചു. പരിക്കേറ്റ മുരുന്തൽ സ്വദേശി ഷിബു കുര്യാക്കോസ് ആശുപത്രിയിൽ ചികിത്സയിലാണ്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പ്രതീഷിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘമാണ് കൂട്ട ആക്രമണം നടത്തിയത്.

കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിക്കായിരുന്നു മര്‍ദ്ദനം. രാത്രി ഒന്‍പത് മണിക്ക് ബാറിൽ എത്തിയ പ്രതീഷും സുഹൃത്തും മറ്റ് രണ്ട് യുവാക്കളുമായി വാക്ക് തര്‍ക്കത്തിലായി. ബാറിലെ ഫ്രീസറും ഉപകരണങ്ങളും അടിച്ചുതകര്‍ത്തു. രക്ഷപ്പെടാൻ ശ്രമിച്ച പ്രതീഷിനേയും സുഹൃത്തിനേയും ബാര്‍ ജീവനക്കാര്‍ തടഞ്ഞുവച്ച് പൊലീസിന് കൈമാറി. ഒരുമണിക്കൂറിനകം സ്റ്റേഷൻ ജാമ്യത്തിൽ പുറത്തിറങ്ങിയ സംഘം ഗുണ്ടകളെ വിളിച്ചുകൂട്ടി ബാറിലെത്തി.

സ്കൂട്ടറിൽ വരികയായിരുന്ന ബാര്‍ മാനേജര്‍ ഷിബുവിനെ നിലത്തിട്ട് ചവിട്ടി. തലയ്ക്കുൾപ്പെടെ ശരീരമാസകലം പരിക്കേറ്റ ഷിബു ചികിത്സയിലാണ്. രാഷ്ട്രീയ പിൻബലത്തിലാണ് പ്രതികൾ ജാമ്യത്തിലിറങ്ങിയതെന്ന വിമര്‍ശനം ഉയരുന്നുണ്ട്. പത്തുപേര്‍ക്കെതിരെ കേസെടുത്തെങ്കിലും പ്രതികളെ പിടികൂടാനായിട്ടില്ല. കസ്റ്റഡിയിലെടുത്ത് ഉടൻ തന്നെ പ്രതികളെ ജാമ്യത്തിൽ വിട്ടതിൽ പൊലീസിന് വീഴ്ചയുണ്ടായെന്നും ആക്ഷേപമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *