തിരുവനന്തപുരം: പോക്‌സോ കേസിലെ ഇരയ്ക്ക് പണം നല്‍കി മൊഴി മാറ്റാന്‍ ശ്രമിച്ച സര്‍ക്കാര്‍ അഭിഭാഷകനെ പുറത്താക്കി. ഇരയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ച് മൂന്നു മാസത്തിനു ശേഷമാണ് അഭിഭാഷകനായ അജിത്ത് തങ്കയ്യനെ ആഭ്യന്തരവകുപ്പ് പിരിച്ചുവിട്ടത്.
അഭിഭാഷകന്‍ ഇരയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന വിജിലന്‍സ് കണ്ടെത്തല്‍ ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് ആഭ്യന്തരവകുപ്പ് നടപടികള്‍ ആരംഭിച്ചത്. ഇന്നലെയാണ് നെയ്യാറ്റിന്‍കര പോക്‌സോ കോടതിയില്‍ വിചാരണയിലിരിക്കുന്ന കേസിലെ ഇരയെയാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന പരാതി ഉയര്‍ന്നത്. ഇരയ്‌ക്കൊപ്പം നിന്ന് നീതി വാങ്ങി കൊടുക്കാന്‍ നിയോഗിച്ച അഭിഭാഷകന്‍ പ്രതിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചുവെന്ന ഗുരുതര ആരോപണം ജില്ല ലീഗല്‍ സര്‍വ്വീസ് അതോറ്ററിയാണ് അന്വേിഷിക്കാന്‍ നിര്‍ദ്ദേശിച്ചത്. ഇര നല്‍കിയ പരാതിയിലായിരുന്നു അന്വേഷണം.
വിജിലന്‍സ് ഡയറക്ടറായിരുന്ന മനോജ് എബ്രഹാമിന്റെ അന്വേഷണത്തില്‍ ആരോപണം ശരിയാണെന്ന് കണ്ടെത്തി. പോക്‌സോ കോടതിയിലെ പ്രോസിക്യൂട്ടര്‍ സ്ഥാനത്തുനിന്നും മാറ്റുകയും കേസെടുത്ത് അന്വേഷണം നടത്തുകയും ചെയ്യണമെന്നായിരുന്നു ഡയറക്ടറുടെ ശുപാര്‍ശ. മൂന്നു മാസം മുമ്പ് ശുപാര്‍ശ നല്‍കിയിട്ടും ആഭ്യന്തരവകുപ്പ് നടപടിയെടുക്കാതെ വൈകിപ്പിച്ചു. ആരോപണ വിധേയനായ ഇതേ അഭിഭാഷകനാണ് കഴിഞ്ഞ മൂന്നു മാസമായി മറ്റ് പോക്‌സോ കേസുകളിലും ഹാജരായത്. സിപിഎം കാഞ്ഞികംകുളം ലോക്കല്‍ കമ്മിറ്റി അംഗം കൂടിയാണ് അജിത് തങ്കയ്യന്‍. വിജിലന്‍സ് ആഭ്യന്തര വകുപ്പ് ആണ് ഉത്തരവിറക്കിയത്. അതേസമയം, കേസെടുത്ത് അന്വേഷണം വേണമെന്ന ശുപാര്‍ശയില്‍ നടപടി ഇതേ വരെ ആയിട്ടില്ല.