ഡൽഹി: ഇന്ത്യ കാനഡ നയതന്ത്ര ബന്ധം വെട്ടിച്ചുരുക്കുന്നതിലേക്ക് കാര്യങ്ങൾ നീങ്ങുന്നതായി സൂചന. ജസ്റ്റിൻ ട്രൂഡോയുടെ നിലപാട് കണക്കിലെടുത്താണ് വിദേശകാര്യമന്ത്രാലയത്തിന്റെ നീക്കം. ജസ്റ്റിൻ ട്രൂഡോ ഭീകരരെ പിന്തുണയ്ക്കുന്നതായി അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളെ ഇന്ത്യ അറിയിക്കും.
ജസ്റ്റിൻ ട്രൂഡോ ഭരണത്തിൽ എത്തിയത് മുതൽ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ ദൃശ്യമായിരുന്നു. ന്യൂനപക്ഷ സർക്കാരിന് നേതൃത്വം നൽകുന്ന ട്രൂഡോ തീവ്ര സിഖ് നിലപാടുള്ള ജഗ്മീത് സിംഗിൻറെ ന്യൂ ഡെമോക്രാറ്റിക് പാർട്ടിയെ ആശ്രയിച്ചാണ് ഭരണത്തിൽ തുടരുന്നത്. ജഗ്മീത് സിംഗിനെയും ഇന്ത്യാ വിരുദ്ധ സംഘടനകളെയും അധികാരത്തിന് വേണ്ടി ട്രൂഡോ പിന്തുണയ്ക്കുന്നു എന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. ജി20 ഉച്ചകോടിക്കെത്തിയ ജസ്റ്റിൻ ട്രൂഡോയോട് ഇക്കാര്യം നരേന്ദ്ര മോദി നേരിട്ട് സൂചിപ്പിച്ചിരുന്നതായാണ് വിവരം.
കാനഡയിൽ അടുത്ത പൊതു തെരഞ്ഞെടുപ്പ് 2025ലാണ് നടക്കുക. ഈ സാഹചര്യത്തിൽ നിലപാട് തിരുത്താൻ ജസ്റ്റിൻ ട്രൂഡോ തയ്യാറാകുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. ഹർദീപ് സിംഗ് നിജ്ജറിൻറെ കൊലപാതകത്തിൽ അമേരിക്കയും ഫ്രാൻസും ഉൾപ്പടെ ജി7 രാജ്യങ്ങളെ കൂടെ നിർത്താനുള്ള നീക്കം ട്രൂഡോ തുടങ്ങിയിട്ടുണ്ട്.
ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധം വഷളാകുന്നത് കാനഡയിലേക്ക് കുടിയേറിയവരെയും ഇതിനായി തയ്യാറെടുക്കുന്നവരെയും ആശങ്കയിലാഴ്ത്തുന്നുണ്ട്. 20 ലക്ഷത്തോളം ഇന്ത്യൻ വംശജർ കാനഡയിലുണ്ട്. മലയാളികൾ അടക്കം 75000 പേർ പ്രതിവർഷം കാനഡയിലേക്ക് കുടിയേറുന്നുണ്ട് എന്നാണ് കണക്ക്. ട്രൂഡോയുടെ അടുത്ത നീക്കം എന്തെന്ന് അറിഞ്ഞ ശേഷമാകും ഇന്ത്യയുടെ നിർണായക നീക്കം ഉണ്ടാകുക