കൽപ്പറ്റ:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്‌ടിഎ നേതൃത്വത്തിൽ അധ്യാപകർ ജില്ലാ വിദ്യാഭ്യാസ ഓഫീസ് മാർച്ച് നടത്തി. പുതുതായി പ്രൊമോഷൻ ലഭിച്ച പ്രൈമറി പ്രധാനാധ്യാപകർക്ക് മുൻകാല പ്രാബല്യത്തോടെ ശമ്പള സ്‌കെയിൽ അനുവദിക്കുക, കേന്ദ്ര സർക്കാർ നൽകേണ്ട ഉച്ചഭക്ഷണ പദ്ധതി വിഹിതം സമയബന്ധിതമായി അനുവദിക്കുക, ഉച്ചഭക്ഷണത്തുക വർധിപ്പിക്കുക, കെട്ടിക്കിടക്കുന്ന പാഠപുസ്തകത്തിന്റെ സാമ്പത്തിക ബാധ്യതയിൽനിന്ന് പ്രധാനാധ്യപകരെ ഒഴിവാക്കുക,
അധ്യാപകരുടെ അന്തർജില്ലാ സ്ഥലംമാറ്റത്തിന്റെ ക്വാട്ട 30 ശതമാനമായി പുനഃസ്ഥാപിക്കുക, ഇൻവാലിഡ് യുഐഡിയുടെ പേരിൽ അധ്യാപക തസ്തിക നിർണയത്തിലുണ്ടായ കുറവ് പരിഹരിക്കുക, തസ്തിക സംരക്ഷണത്തിന് 1:40 അനുപാതം നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. ജില്ലാ സെക്രട്ടറി വിൽസൺ തോമസ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് കെ ടി വിനോദൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ ഇ സതീഷ് ബാബു, വി എ ദേവകി എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ ടി രാജൻ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി എൻ മുരളീധരൻ നന്ദിയും പറഞ്ഞു.