പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കുന്നു എന്ന പ്രസം​ഗത്തിൽ തെറ്റില്ല, പ്രസ്താവന സ്ത്രീവിരുദ്ധമല്ല; അലന്‍സിയര്‍

Kerala

തിരുവനന്തപുരം: വിവാദപരാമർശത്തിൽ പ്രതികരണവുമായി നടൻ അലൻസിയർ. പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കുന്നു എന്ന പ്രസംഗത്തിൽ തെറ്റില്ലെന്നും പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്നും അലൻസിയർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതിൽ സ്ത്രീവിരുദ്ധതയില്ല. ഒരു പുരുഷൻ എന്ന നിലയിൽ അഭിമാനിക്കുന്നു. ഒരു ലജ്ജയും ഇല്ല. കിട്ടിയ പുരസ്കാരം നടി പൗളി ചേച്ചിയ്ക്കാണ് ആദ്യം നൽകിയത്. ഞാനൊരു സ്ത്രീവിരുദ്ധൻ ഒന്നുമല്ല. അതൊക്കെ മനസ്സിലാക്കാനുള്ള വിവേകം പെൺകൂട്ടായ്മക്ക് ഉണ്ടാകണം. ആൺകരുത്തുള്ള പ്രതിമ വേണം എന്ന്‌ പറഞ്ഞത് തന്റേടത്തോടെയാണ്. പുരുഷ ശരീരത്തിന് വേണ്ടി സംസാരിച്ചത് അമ്മയ്ക്കു വേണ്ടിയാണ്. എന്തിനാണ് എല്ലാവർഷവും ഒരേ ശില്പം തന്നെ നൽകുന്നത് എന്നാണ് ചോദിച്ചതെന്നുമാണ് പ്രസ്താവനയിൽ അലൻസിയറിന്റെ വിശദീകരണം.

ഇന്നലെയാണ്, സ്പെഷ്യൽ ജൂറി പുരസ്കാരത്തിന് സ്വർണം പൂശിയ പ്രതിമ തരണമെന്ന വിവാദപരാമർശവുമായി നടൻ അലൻസിയർ രംഗത്തെത്തിയത് . പെൺപ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺകരുത്തുള്ള ശില്പം തരണമെന്നും അലൻസിയർ പറഞ്ഞു. അങ്ങനെയൊരു പ്രതിമ തരുമ്പോൾ താൻ അഭിനയം നിർത്തുമെന്നും ആയിരുന്നു അലന്‍സിയറുടെ പ്രസ്താവന. സംസ്ഥാന ഫിലിം അവാർഡ് ദാനച്ചടങ്ങിൽ സ്പെഷ്യൽ ജൂറി അവാർഡ് ഏറ്റുവാങ്ങിയതിന് ശേഷമുള്ള പ്രതികരണം വിവാദത്തിന് കാരണമായിരുന്നു.

നല്ല ഭാരമുണ്ടായിരുന്നു അവാ‍ർഡിന്. സ്പെഷ്യൽ ജ്യൂറി അവാ‍ർഡാണ് ലഭിച്ചത്. എന്നാൽ തന്നേയും കുഞ്ചാക്കോ ബോബനേയും ഇരുപത്തയ്യായിരം രൂപ തന്ന് അപമാനിക്കരുത്. പൈസ കൂട്ടിത്തരണം. അത് അപേക്ഷിക്കുകയാണ്. സ്പെഷ്യൽ ജൂറിക്ക് സ്വർണം പൂശിയ പ്രതിമ തരണം. പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺ കരുത്തുള്ള ശില്പം വേണം. അങ്ങനെയൊരു പ്രതിമ തരുമ്പോൾ താൻ അഭിനയം നിർത്തും. അലന്‍സിയര്‍ പറഞ്ഞതിങ്ങനെയായിരുന്നു.

അതിനിടെ, അലൻസിയർക്കെതിരെ അവാർഡ് ജേതാവ് ശ്രുതി ശരണ്യവും രംഗത്തെത്തി. പ്രത്യേക ജൂറി പരാമർശ പുരസ്കാരം വാങ്ങിയ ശേഷമുള്ള അലൻസിയറിന്റെ ഈ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒരു വിഭാഗം ശക്തമായി വിമർശിക്കുമ്പോൾ മറ്റൊരു കൂട്ടർ ട്രോളുകളുമായാണ് താരത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *