മറ്റന്നാളും അവധി, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് കോഴിക്കോട് കളക്ടർ; നിപ ജാഗ്രത

Kerala

കോഴിക്കോട്: നിപ ജാഗ്രത മുൻകരുതലിന്‍റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മറ്റന്നാളും (16-9-23) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി,മദ്രസകൾ ഉൾപ്പെടെ) അവധി ബാധകമായിരിക്കും. ജില്ലയില്‍ നേരത്തെ ഇന്നും നാളെയുമാണ് (14.09.2023, 15.09.2023) അവധി പ്രഖ്യാപിച്ചിരുന്നത്. ജില്ലയിൽ അടുത്ത പത്ത് ദിവസത്തേക്ക് നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പൊതു പരിപാടികളും താല്ക്കാലികമായി നിർത്തിവയ്ക്കുവാനും ജില്ലാ കളക്ടർ എ ഗീത ഉത്തരവിട്ടിട്ടുണ്ട്.

അതേസമയം, നിപ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താനായി കേന്ദ്ര സംഘം കോഴിക്കോട്ടെത്തി. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നെത്തിയ മൊബൈൽ ലാബ് ഇന്ന് വൈകിട്ടോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവർത്തന സജ്ജമാകും. നിപ ബാധിച്ച ചികിത്സയിൽ
കഴിയുന്ന മൂന്ന് പേരിൽ മരുതോങ്കര സ്വദേശിയായ 9 വയസ്സുകാരന്റെ നിലഗുരുതമായി തുടരുകയാണ്. 11 പേരുടെ പരിശോധനാ ഫലം ഇന്ന് വൈകിട്ടോടെ കിട്ടും.

നിപ സ്ഥിരീകരിച്ച് മൂന്ന് ദിവസം പിന്നിടുമ്പോൾ കേന്ദ്ര സംസ്ഥാന ഏജൻസികളുടെ കൂട്ടായ പ്രതിരോധ പ്രവർത്തനങ്ങളാണ് താഴെത്തട്ടിൽ നടക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള വിദഗ്ധരും ഐസിഎംആർ, എൻ സിഡിസി എന്ന് ഏജൻസികളിൽ നിന്നുള്ള പ്രതിനിധികളും കോഴിക്കോട്ടുണ്ട്. കോഴിക്കോട് എത്തിയ കേന്ദ്ര സംഘം ആദ്യം ജില്ലാ കളക്ടറുമായി ചർച്ച നടത്തി തുടർന്ന് ഗസ്റ്റ് ഹൗസിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *