ഇന്നലെ വൈകുന്നേരം മോഹൻലാലും മമ്മൂട്ടിയും വാട്ട്സ്ആപ്പ് ചാനലുകൾ തുടങ്ങിയ വാർത്ത ആരാധകർ കൊണ്ടാടിയിരുന്നു. വരുംകാല സിനിമകളുടെ അപ്ഡേറ്റുകൾ നേരിട്ടറിയിക്കും എന്ന് പറഞ്ഞുകൊണ്ടാണ് ഇരുവരും ചാനലുകൾ ആരംഭിച്ചത്. പിന്നാലെ നിരവധി സെലിബ്രിറ്റികളും സാധാരണക്കാരും ചാനലുകൾ തുടങ്ങുന്നതിന്റെയും ജോയിൻ ചെയ്യുന്നതിന്റെയും തിരക്കുകളിലായി. ഇന്നലെ മുതലാണ് മെറ്റ തങ്ങളുടെ ജനപ്രിയ പ്ലാറ്റ്ഫോമായ വാട്ട്സ്ആപ്പിൽ പുതിയ ബ്രോഡ്കാസ്റ്റ് ഫീച്ചർ കൊണ്ടുവന്നത്.
ഇന്ത്യ അടക്കം 150 ലധികം രാജ്യങ്ങളിലാണ് വാട്ട്സ്ആപ്പ് ചാനലുകൾ ഔദ്യോഗികമായി പുറത്തിറക്കിയത്. വാട്ട്സ്ആപ്പിനുള്ളിൽ ഒരു സ്ഥാപനത്തിനോ വ്യക്തിക്കോ തന്റെ സബ്സ്ക്രൈബര്‍മാരോട് കാര്യങ്ങൾ പങ്കുവയ്ക്കാനുള്ള ഒരു വൺ-വേ ബ്രോഡ്കാസ്റ്റ് ടൂളാണ് വാട്ട്സ്ആപ്പ് ചാനൽ. ടെലിഗ്രാം ചാനലുകൾക്കും ഇൻസ്റ്റഗ്രാമിലെ ബ്രോഡ്കാസ്റ്റ് ചാനലുകള്‍ക്കും സമാനമായ ഫീച്ചറാണിത്.
വാട്ട്സ്ആപ്പ് ഉപയോക്താക്കൾക്ക് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ചാനലുകള്‍ സബസ്ക്രൈബ് ചെയ്യാനും അതിലൂടെ ലഭിക്കുന്ന അപ്ഡേറ്റുകള് അറിയാനും സാധിക്കും. എന്നാൽ ഒരു വൺ-വേ കമ്മ്യൂണിക്കേഷൻ ടൂൾ ആയതിനാൽ ഉപയോക്താക്കൾക്ക് തിരികെ സന്ദേശം അയക്കാൻ സാധിക്കില്ല. ടെക്സ്റ്റുകളും ചിത്രങ്ങളും വിഡിയോകളും സ്റ്റിക്കറുകളും ഷെയർ ചെയ്യാനുള്ള ഓപ്ഷൻ ചാനലുകളിൽ നൽകിയിട്ടുണ്ട്. സബ്സ്ക്രൈബ് ചെയ്യുന്നവർക്ക് അവ നോട്ടിഫിക്കേഷനായി ലഭിക്കും.
ഒരു ചാനൽ ഫോളോവർ എന്ന നിലയിൽ, നിങ്ങളുടെ ഫോൺ നമ്പറും പ്രൊഫൈൽ ഫോട്ടോയും അഡ്മിനോ മറ്റ് ഫോളോവേഴ്സിനോ കാണാൻ സാധിക്കില്ല. അതു പോലെ, ഒരു ചാനൽ പിന്തുടരുന്നത് കൊണ്ട് നിങ്ങളുടെ ഫോൺ നമ്പർ അഡ്മിന് അറിയാനും സാധിക്കില്ല. ചാനലുകളിലെ സന്ദേശങ്ങൾക്ക് 30 ദിവസം മാത്രമാണ് ആയുസ്സ്. അതിന് ശേഷം ആ സന്ദേശങ്ങൾ സ്വയമേ നീക്കം ചെയ്യപ്പെടും.
വാട്ട്സ്ആപ്പിലെ അപ്ഡേറ്റ്സ് എന്ന ടാബിലാണ് ചാനലുകൾ കാണാന്‍ സാധിക്കുന്നത്. സ്റ്റാറ്റസ് എന്ന ഓപ്ഷനും ഈ ടേബിൾ തന്നെയാണ് കാണാൻ കഴിയുക. ഉപയോക്താക്കൾക്ക് ജോയിൻ ചെയ്യാൻ ആഗ്രഹമുള്ള ചാനലുകൾ ആ ടാബിൽ സെർച്ച് ചെയ്യാനും സാധിക്കും. ഫോളോ ചെയ്ത ചാനലുകളിൽ നിന്ന് പിന്മാറാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് അൺഫോളോ ചെയ്യാനുള്ള ഓപ്ഷനുമുണ്ട്.