കൊച്ചി : ഓൺലൈൻ ആപ്പ് വായ്പ്പ സംഘം ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത കടമക്കുടിയിലെ ദമ്പതികളെ മരണ ശേഷവും വിടാതെ ലോൺ ആപ്പുകൾ. മോർഫ് ചെയ്ത അശ്ലീല ഫോട്ടോ അയച്ച് ലോൺ ആപ്പുകളുടെ ഭീഷണി തുടരുകയാണ്. മരിച്ച നിജോയുടെ ഭാര്യയുടെ മോർഫ് ചെയ്ത ഫോട്ടോകളാണ് ബന്ധുക്കൾക്ക് അയച്ചത്. ഇന്ന് രാവിലെയും ബന്ധുക്കളുടെ ഫോണുകളിൽ ഫോട്ടോകളെത്തിയെന്ന് ബന്ധുക്കൾ പറഞ്ഞു. കൂട്ട ആത്മഹത്യയിൽ ഓൺലൈൻ ആപ്പിനെതിരെ വരാപ്പുഴ പൊലീസ് കേസ് എടുത്തിട്ടുണ്ട്. എന്നാൽ ഭീഷണി ഇപ്പോഴും തുടരുകയാണെന്ന് സഹോദരൻ ടിജോ പറഞ്ഞു
എണാകുളം ജില്ലയിലെ കടമക്കുടിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കഴിഞ്ഞ ദിവസമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കടമക്കുടി മാടശ്ശേരി വീട്ടില്‍ നിജോ, ഭാര്യ ശില്പ, മക്കളായ ഏഴ് വയസുകാരന് എബല്‍, അഞ്ച് വയസുകാരന് ആരോണ്‍ എന്നിവരുടെ മൃതദേഹങ്ങളാണ് വീടിന് മുകളിലത്തെ മുറിയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രയാസമാണ് ആത്മഹത്യയിലേക്ക് എത്തിയതെന്നായിരുന്നു വിവരം.