അപ്പാർട്ട്മെന്‍റിൽ മയക്കുമരുന്ന് വിൽപ്പന, പൊലീസ് വളഞ്ഞു; യുവാവും യുവതിയും എംഡിഎംഎയുമായി പിടിയിൽ

Kerala

കൊച്ചി: എംഡിഎംഎ കൈവശം വെച്ച യുവാവിനെയും യുവതിയെയും കൊച്ചി സിറ്റി യോദ്ധാവ് സ്‌ക്വാഡും കളമശ്ശേരി പൊലീസും ചേർന്ന് പിടികൂടി. വൈപ്പിൻ എളംങ്കുന്നപ്പുഴ വളപ്പ് പുളിക്കൽവീട്ടിൽ ഷാജി പി സി (51) തിരുവനന്തപുരം വെങ്ങാനൂർ മുട്ടയ്ക്കാട്, നക്കുളത്ത് വീട്ടിൽ രേഷ്മ കെ (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇടപ്പള്ളി, ചമ്പോകടവ് റോഡ്, കാച്ചപ്പിള്ളി ലൈനിലുള്ള പുളിക്കലകത്ത് അപ്പാർട്ട്‌മെന്റിൽ മയക്കുമരുന്നു വിൽപ്പന നടത്തുന്നുണ്ടെന്ന്, കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എസ്. ശശിധരൻ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്.

തിങ്കളാഴ്ച രാത്രിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇവരിൽ നിന്നും ന്യൂജെൻ മയക്കുമരുന്നായ 2.70 ഗ്രാം എംഡിഎംഎയും 0.14 ഗ്രാം മെത്താംഫിറ്റമിൻ എന്നിവ പൊലീസ് കണ്ടെടുത്തു. ഉപയോഗത്തിനും വിൽപ്പന നടത്തുന്നതിനുമായാണ് എംഡിഎംഎ കൈവശം വെച്ചതെന്ന് ചോദ്യം ചെയ്യലിൽ പ്രതികള്‍ സമ്മതിച്ചു. കളമശ്ശേരി പൊലീസ് ഇൻസ്‌പെക്ടർ വിബിൻ ദാസിന്റെ നേതൃത്വത്തിൽ യോദ്ധാവ് സ്‌ക്വാഡിന്റെ സഹായത്തോടെ കളമശ്ശേരി സബ് ഇൻസ്‌പെക്ടർമാരായ വിനോജ് എ, അജയകുമാർ കെ പി, എഎസ്‌ഐ ദിലീപ്, എസ് സിപിഒ അജ്മൽ, സിപിഒമാരായ നസീബ്, മനോജ്, ശരത്ത് ഡബ്ല്യു സിപിഒ അജു സജന എന്നിവർ ഉൾപ്പെടുന്ന പൊലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *