നിപ സംശയം; ഇന്ന് ഉച്ചയോടെ ഫലം ലഭിക്കും, സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി

Kerala

കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ സംശയത്തോടെ രണ്ടു പേർ മരിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. സ്വകാര്യ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ട് മരണങ്ങളിലും നിപ ലക്ഷണങ്ങൾ കണ്ടതോടെ മരിച്ച ഒരാളുമായി സമ്പർക്കം പുലർത്തിയ നാലു പേർ സമാന ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാ ഫലം ഇന്ന് ഉച്ചയോടെ ലഭിച്ചേക്കും.

അതേസമയം, പ്രാദേശിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചതായാണ് വിവരം. രോഗബാധ സംശയിക്കുന്നവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. പരിശോധന ഫലത്തിൽ രോഗം സ്ഥിരീകരിച്ചാൽ, നിപ പ്രോട്ടോകോൾ നടപടികളിലേക്ക് ആരോഗ്യവകുപ്പ് കടക്കും.

പനി ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ആളും, ഇയാൾ ചികിത്സയിലിരിക്കെ അച്ഛനുമായി ആശുപത്രിയിലെത്തിയ മറ്റൊരാളുമാണ് സമാന ലക്ഷണങ്ങളോടെ മരണത്തിന് കീഴടങ്ങിയത്. ആദ്യ മരണം ഓഗസ്റ്റ് 30 ന് ആയിരുന്നു. എന്നാൽ, നിപ ആണെന്ന സംശയങ്ങൾ ഒന്നും ആ സമയം ഉണ്ടായിരുന്നില്ല. ന്യൂമോണിയ ആണ് മരണ കാരണമെന്നാണ് കരുതിയത്. വിശദമായ പരിശോധന നടത്തിയെങ്കിലും സംശയിക്കാവുന്ന തരത്തിൽ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ആരോ​ഗ്യ വകുപ്പ് വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *