കോട്ടയം: പുതുപ്പളളി ഉപതിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പൂർത്തിയായതോടെ തികഞ്ഞ വിജയ പ്രതീക്ഷയിലാണ് യുഡിഎഫും എൽഡിഎഫും. മുപ്പതിനായിരത്തിന് മുകളിൽ ഭൂരിപക്ഷം കിട്ടുമെന്നാണ് യുഡിഎഫിന്റെ വിലയിരുത്തല്‍. ഉമ്മൻചാണ്ടി എന്ന വികാരവും ഭരണവിരുദ്ധ വികാരവും വോട്ടുകളായി മാറിയെന്നാണ് യുഡിഎഫ് ക്യാമ്പ് കരുതുന്നത്.
ഭൂരിപക്ഷത്തെ കുറിച്ച് സംസാരിക്കുന്നില്ലെങ്കിലും തികഞ്ഞ വിജയ പ്രതീക്ഷയിലാണ്എൽഡിഎഫും. വികസനത്തിന് വോട്ട് ചോദിച്ചത് അനുകൂലമായി മാറിയെന്നാണ് എൽഡിഎഫിന്റെ കണക്കുകൂട്ടൽ. പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ ചരിത്ര വിജയം നേടുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഇടത് മുന്നണി സര്‍ക്കാരിനെതിരായ വിലയിരുത്തലാകും വിധിയെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫിന് ശുഭപ്രതീക്ഷയെന്ന് വി എന്‍ വാസവന്‍ പറഞ്ഞു. ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ ലാലും വിജയ പ്രതീക്ഷയിലാണ്.
128624 പേരാണ് പുതുപ്പളളിയിൽ വോട്ട് രേഖപ്പെടുത്തിയത്. അവസാന റിപ്പോർട്ട് പ്രകാരം 72. 91 ശതമാനമാണ് പോളിങ്. ഇതിന് മുമ്പുളള മൂന്ന് തിരഞ്ഞെടുപ്പുകളേക്കാളും കുറഞ്ഞ വോട്ടിങ് നിരക്കാണിത്. 2011 ൽ 74.24, 2016ൽ 77.14, 2021ൽ 77.36 എന്നിങ്ങനെയാണ് മുൻകാല വോട്ടിങ് ശതമാനം. എട്ടിനാണ് വോട്ടെണ്ണൽ.
ചില ബൂത്തുകളില്‍ പോളിങ് വൈകിയതില്‍ അസ്വാഭാവികതയുണ്ടെന്ന് ചാണ്ടി ഉമ്മന്‍ ആരോപിച്ചു. മുപ്പതില്‍ അധികം ബൂത്തുകളില്‍ പോളിങ് മന്ദഗതിയിലായിരുന്നു. നിരവധി പേര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം നിഷേധിക്കപ്പെട്ടു. ആളുകള്‍ക്ക് വോട്ട് ചെയ്യാതെ തിരിച്ചു പോകേണ്ടി വന്നു. പരാതി നല്‍കിയിട്ടും വോട്ടിങ് മെഷിന്‍ അനുവദിച്ചില്ല. പോളിങ് വൈകിയത് അന്വേഷിക്കണമെന്നും ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടിരുന്നു. മീനടം പഞ്ചായത്തിലെ 52-ാം നമ്പർ ബൂത്തിൽ മാത്രം ഒരു മണിക്കൂറോളം പോളിങ് തടസ്സപ്പെട്ടിരുന്നു. വിവിപാറ്റിൽ സ്ലിപ്പ് മുറിഞ്ഞു വീഴാതിരുന്നതാണ് കാരണം. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.