ട്രെയിനില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ വനിതാ കോണ്‍സ്റ്റബിള്‍; റെയില്‍വെ പൊലീസിന് കോടതിയുടെ രൂക്ഷവിമര്‍ശനം

National

ലഖ്‌നൗ: വനിതാ കോണ്‍സ്റ്റബിള്‍ ട്രെയിനില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ റെയില്‍വെ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് അലഹബാദ് ഹൈക്കോടതി. സംഭവത്തെ കുറിച്ച് തനിക്ക് ലഭിച്ച വാട്സ്ആപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് പ്രിതിങ്കർ ദിവാകർ ഇടപെട്ടത്. ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ ആര്‍പിഎഫ് പരാജയപ്പെട്ടെന്നാണ് കോടതി വിമര്‍ശിച്ചത്

ആഗസ്റ്റ് 30നാണ് സരയൂ എക്‌സ്‌പ്രസിന്‍റെ കമ്പാർട്ട്‌മെന്‍റിലാണ് മുഖത്തും തലയിലും പരിക്കേറ്റ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ വനിതാ കോൺസ്റ്റബിളിനെ കണ്ടെത്തിയത്. യുവതിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. അതേ ദിവസം തന്നെ യുവതിയുടെ സഹോദരൻ പരാതി നല്‍കിയിരുന്നു. ആരാണ് വനിതാ പൊലീസിനെ ആക്രമിച്ചത് എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. ലൈംഗികാതിക്രമം ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്.

കേസില്‍ ജസ്റ്റിസ് അശുതോഷ് ശ്രീവാസ്തവയ്‌ക്കൊപ്പം ഞായറാഴ്ച വൈകുന്നേരമാണ് ചീഫ് ജസ്റ്റിസ് പ്രിതിങ്കർ ദിവാകർ വാദം കേട്ടത്. ആര്‍പിഎഫ് ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് കോടതി വിമര്‍ശിച്ചു. സെപ്തംബര്‍ 13നകം കേസ് അന്വേഷണത്തിന്‍റെ പുരോഗതി അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കേന്ദ്രത്തിനും റെയിൽവേ മന്ത്രാലയത്തിനും ആർപിഎഫ് ഡയറക്ടർ ജനറലിനും ഉത്തർപ്രദേശ് സർക്കാരിനും ആഭ്യന്തര മന്ത്രാലയത്തിനും സംസ്ഥാന വനിതാ കമ്മീഷനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *