പുതുപ്പള്ളി ഇന്ന് പോളിം​ഗ് ബൂത്തിലേക്ക്; 7 സ്ഥാനാർത്ഥികൾ; 182 ബൂത്തുകൾ, വിജയപ്രതീക്ഷയിൽ മുന്നണികൾ

Kerala

കോട്ടയം: കേരള നിയമസഭയുടെ ചരിത്രത്തിലെ അറുപത്തിയാറാം ഉപതെരഞ്ഞെടുപ്പിന് സജ്ജമായി പുതുപ്പള്ളി നിയമസഭാ നിയോജക മണ്ഡലം. ഇന്ന് രാവിലെ 7മണി മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും 4 ട്രാൻസ്ജെൻഡറുകളും അടക്കം മണ്ഡലത്തിൽ 1,76,417 വോട്ടർമാരാണുള്ളത്. വോട്ടെടുപ്പ് ഡ്യൂട്ടിക്കായി 872 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. 182 ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. 182 പോളിങ് ബൂത്തുകളിലും വെബ്കാസ്റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്. പോളിങ് അവസാനിക്കുന്നതുവരെയുള്ള പോളിങ് ബൂത്തുകളിലെ നടപടികൾ കളക്ട്രേറ്റിലെ കൺട്രോൾ റൂമിലൂടെ തത്സമയം അറിയാം. ഉമ്മന്‍ചാണ്ടിയുടെ വിയോഗ ശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണി സ്ഥാനാർത്ഥികളുൾപ്പെടെ ആകെ ഏഴ് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. മൂന്നാഴ്ചത്തെ വാശിയേറിയ പ്രചാരണത്തിന് ശേഷമാണ് പുതുപ്പള്ളി ജനവിധി തേടുന്നത്.

ചാണ്ടി ഉമ്മൻ പുതുപ്പള്ളി ജോർജിയൻ സ്കൂൾ ബൂത്തിൽ വോട്ട് ചെയ്യും. മണർകാട് എൽപി സ്കൂൾ ബൂത്തിലാണ് ജെയ്ക് സി തോമസിന് വോട്ട്. അതേസമയം ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാലിന് പുതുപ്പള്ളി മണ്ഡലത്തിൽ വോട്ടില്ല. ഇന്ന് നടക്കാൻ പോകുന്നത്. മുൻമുഖ്യമന്ത്രിയും കോൺ​ഗ്രസ് നേതാവുമായിരുന്ന ഉമ്മൻചാണ്ടി മരിച്ചതിന്റെ അമ്പതാം നാൾ ആണ് തെരഞ്ഞെടുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *