മന്ത്രിമാർ വിദേശ യാത്രകൾ പോകരുത്, നിർദ്ദേശിച്ച് ബിജെപി നേതൃത്വം; പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് കേന്ദ്രം

National

ദില്ലി: പ്രത്യേക പാർലമെൻ്റ് സമ്മേളനം വിളിച്ചു ചേർത്ത സാഹചര്യത്തിൽ കേന്ദ്ര മന്ത്രിമാരുടെ വിദേശയാത്രകൾ റദ്ദാക്കാൻ നിർദ്ദേശിച്ച് ബിജെപി നേതൃത്വം. പ്രത്യേക പാർലമെൻറ് സമ്മേളന സമയത്ത് യാത്രകൾ റദ്ദാക്കണമെന്നാണ് മന്ത്രിമാർക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് നേരത്തെയാക്കുന്ന വിഷയം ബിജെപി പാർലമെൻ്ററി ബോർഡ് ചർച്ച ചെയ്തിട്ടില്ലെന്നാണ് ബിജെപി വൃത്തങ്ങളിൽ നിന്നറിയുന്നത്. അതേസമയം, വനിതാ സംവരണ ബില്ല് നടപ്പാക്കാൻ പാർട്ടി തയ്യാറെന്നും സൂചനയുണ്ട്.

അതേസമയം, ഇന്ത്യ മുന്നണിയിലും തിരക്കിട്ട നീക്കങ്ങളാണ് നടക്കുന്നത്. പ്രതിപക്ഷ പാർട്ടികൾക്കിടയിലെ സീറ്റ് വിഭജനം സെപ്റ്റംബർ 30നകം പൂർത്തിയാക്കാനാണ് ധാരണ. മുംബൈയിൽ വച്ച് ഇന്ത്യ മുന്നണിയിലെ നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്. തെരഞ്ഞെടുപ്പ് നേരത്തെ നടന്നേക്കുമെന്ന് സൂചന കിട്ടിയതോടെ തയ്യാറെടുപ്പ് വേഗത്തിൽ ആക്കാൻ ആണ് തീരുമാനം. ഇന്ത്യാ യോഗത്തിന്റെ രണ്ടാം ദിവസമായ ഇന്ന് മുന്നണി കൺവീനർ ആരാകണമെന്ന കാര്യത്തിൽ അടക്കം ഇന്ന് പ്രഖ്യാപനം ഉണ്ടായേക്കും. മല്ലികാർജുൻ ഗർഗെ, ശരദ് പവാർ, നിതീഷ് കുമാർ എന്നിവരുടെ പേരുകളാണ് പരിഗണനയിൽ ഉള്ളത്. കോൺഗ്രസ് മുന്നണിയുടെ നേതൃത്വം വഹിക്കണം എന്നാണ് ശിവസേനയും മുസ്ലിം ലീഗും അടക്കമുള്ള പാർട്ടികളുടെ നിലപാട്. മുന്നണിയുടെ ലോഗോ ഇന്ന് പ്രകാശനം ചെയ്യും. വൈകിട്ട് മൂന്നരയ്ക്ക് യോഗത്തിൽ എടുത്ത തീരുമാനങ്ങൾ നേതാക്കൾ വിശദീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *