നെയ്മർ ഹബീബീ, വെൽക്കം ടു ഇന്ത്യ; അല്‍ ഹിലാലിനെതിരായ ചാമ്പ്യന്‍സ് ലീഗ് മത്സരവേദി പ്രഖ്യാപിച്ച് മുംബൈ സിറ്റി

Kerala

ക്വലാലംപുർ: എ എഫ് സി ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ അടങ്ങിയ സൗദി ക്ലബ് അല്‍ ഹിലാലിനെതിരായ മത്സരത്തിന്‍റെ വേദി പ്രഖ്യാപിച്ച് മുംബൈ സിറ്റി എഫ് സി. പൂനെയിലെ ഛത്രപതി സ്പോര്‍ട്സ് കോംപ്ലെക്സിലായിരിക്കും മുംബൈ സിറ്റിയുടെ ഹോം മത്സരം നടക്കുകയെന്നും ക്ലബ്ബ് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സില്‍(മുമ്പ് ട്വിറ്റര്‍) അറിയിച്ചു. നേരത്തെ മുംബൈ ഫുട്ബോള്‍ അരീനയായിരുന്നു ഹോം വേദിയെങ്കിലും അവിടുത്തെ സൗകര്യങ്ങള്‍ പരിമിതമായതിനാലാണ് വേദി പൂനെയിലേക്ക് മാറ്റാന്‍ കാരണമെന്നും മുംബൈ സിറ്റി പോസ്റ്റില്‍ വ്യക്തമാക്കി.

ഇന്ന് ക്വാലാലംപൂരില്‍ നടന്ന എഎഫ്‍സി ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പിലാണ് മുംബൈ സിറ്റി എഫ്സിയും നെയ്മറുടെ അല്‍ ഹിലാലും ഒരേ ഗ്രൂപ്പില്‍ വന്നത്. ഗ്രൂപ്പ് ഡിയില്‍ മുംബൈ സിറ്റിക്കും അല്‍ ഹിലാലിനുമൊപ്പം ഇറാനില്‍ നിന്നുള്ള എഫ്സി നസ്സാജി മസാന്‍ദരനും ഉസ്‍ബെക്കിസ്താന്‍ ക്ലബ് നവ്‍ബഹോറുമാണ് ഇടംപിടിച്ചിരിക്കുന്നത്.

മുംബൈ സിറ്റിയും പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസ്‍റും തമ്മില്‍ പോരാട്ടം വരുമോയെന്ന ആകാംക്ഷയിലായിരുന്നു ഇന്ന് രാവിലെ മുതല്‍ ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകർ. എന്നാല്‍ ക്വലാലംപുരിലെ നറുക്കെടുപ്പില്‍ മുംബൈ സിറ്റിയുടെ ഭാഗ്യം നെയ്മറുടെ ഇപ്പോഴത്തെ ക്ലബായ അല്‍ ഹിലാലിലേക്ക് എത്തുകയായിരുന്നു. ഇതോടെ ചാമ്പ്യന്‍ഷിപ്പ് മത്സരത്തിനായി നെയ്മർ ഇന്ത്യയിലെത്തും. കളിക്കാനെത്തിയാല്‍ ആദ്യമായാവും നെയ്മർ ഇന്ത്യയില്‍ ഔദ്യോഗിക മത്സരത്തില്‍ പന്ത് തട്ടുന്നത്. എഎഫ്‍സി ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ വിജയമുള്ള ടീമാണ് നെയ്മറുടെ പുതിയ ക്ലബായ അല്‍ ഹിലാല്‍. ഈ സീസണില്‍ നെയ്മർക്ക് പുറമെ റൂബന്‍ നെവസ്, കലിദു കുലിബാലി, മിലിന്‍കോവിച്ച് സാവിച്ച് തുടങ്ങിയവരെ അല്‍ ഹിലാല്‍ സ്വന്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *