ചന്ദ്രയാൻ 3 ചന്ദ്രനിലിറങ്ങി മണിക്കൂറുകൾ പിന്നിട്ടു, ലാൻഡറിന്റെ വാതിൽ തുറന്നു; റോവ‍ര്‍ പുറത്തേക്ക്

National

ബംഗ്ലൂരു : ലോക ബഹിരാകാശ നേട്ടങ്ങളുടെ തലപ്പത്തേയ്ക്ക് ഇന്ത്യയെ ഉയർത്തിയ ചന്ദ്രയാൻ മൂന്ന് അടുത്ത ഘട്ടത്തിലേക്ക്. ചന്ദ്രയാൻ ലാൻഡറിന്റെ വാതിൽ തുറന്നു. റോവർ പുറത്തേക്ക് എത്തിക്കുന്ന ഘട്ടത്തിലേക്ക് ഇസ്രോ കടന്നു. നേരത്തെ അനുകൂല സാഹചര്യമാണോ എന്നതിൽ വ്യക്തത വരുത്തിയ ശേഷം തുട‍‍ര്‍ ഘട്ടത്തിലേക്ക് കടക്കുമെന്ന് ഇസ്രോ വ്യക്തമാക്കിയിരുന്നു.

ചരിത്രം സൃഷ്ടിച്ച്, അണുവിട പിഴക്കാതെ ആറ് മണി കഴിഞ്ഞ് മൂന്നാം മിനുട്ടിലാണ് കൃത്യമായ കണക്കുകൂട്ടലിൽ ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 3 ന്റെ ലാൻഡർ ചന്ദ്രനിലിറങ്ങിയത്. നാല് ഘട്ട ലാൻഡിംഗ് പ്രക്രിയ കൃത്യമായിരുന്നു. റഫ് ബ്രേക്കിംങ്ങിലൂടെ സെക്കൻഡിൽ 1.68 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുകയായിരുന്ന പേടകത്തിന്റെ വേഗം സെക്കൻഡിൽ മുന്നൂറ്റിയെഴുപത് മീറ്റർ എന്ന അവസ്ഥയിലെത്തി. ഈ സമയത്ത് ചന്ദ്രോപരിതലത്തിൽ നിന്ന് ഏഴു കിലോമീറ്ററിന് അടുത്ത ഉയരത്തിലായിരുന്ന ലാൻഡർ, അതിന് ശേഷം മെല്ലെ ചെരിഞ്ഞ് വീണ്ടും വേഗം കുറയ്ക്കുന്ന ഫൈൻ ബ്രേക്കിങ്ങിലേക്കെത്തി.

ലാൻഡിങ്ങ് സ്ഥാനത്തിന് 800 മീറ്റർ ഉയരത്തിൽ വച്ച് ഫൈൻ ബ്രേക്കിംഗ് അവസാനിക്കുമ്പോൾ പേടകം നിശ്ചയിച്ച ലാൻഡിങ്ങ് സ്ഥാനത്തിന് തൊട്ടുമുകളിലെത്തിയിരുന്നു. പന്ത്രണ്ട് സെക്കൻഡ് അതിന് മുകളിൽ നിന്ന ശേഷം വീണ്ടും താഴേക്ക്. ലാൻഡിങ്ങ് സ്ഥാനത്തിന് 150 മീറ്റർ ഉയരത്തിലെത്തി വീണ്ടും അൽപ്പനേരം കാത്തു നിന്നു. സെൻസറുകളും ക്യാമറയിലെ ചിത്രങ്ങളും ലാൻഡിംഗിന് അനുയോജ്യമായ സ്ഥലമല്ലെന്ന് കണ്ടെത്തിയതോടെ അടുത്ത ഘട്ടത്തിലേക്കെത്തി. അൽപ്പം മാറി അനുയോജ്യമായ സ്ഥാനം കണ്ടെത്തി, രാജ്യം ചങ്കിടിപ്പോടെ നോക്കി നിൽക്കെ ലാൻഡർ ചന്ദ്രോപരിതലം തൊട്ടു. മണിക്കൂറുകൾക്ക് ശേഷമാണ് റോവർ പുറത്തേക്ക് എത്തിക്കുന്ന അടുത്ത ഘട്ടത്തിലേക്ക് ഇസ്രോ കടന്നത്

Leave a Reply

Your email address will not be published. Required fields are marked *